ഡൽഹിയിലെ തോൽവിക്കു പിന്നാലെ പഞ്ചാബിലും ആം ആദ്മി സർക്കാർ പ്രതിസന്ധിയിൽ. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനിനോട് എതിർപ്പുള്ള എംഎൽഎമാരെ കളം മാറ്റിക്കാനുള്ള നീക്കത്തിലാണു കോൺഗ്രസ്. മുപ്പതോളം എംഎൽഎമാർ എഎപി വിടാൻ ഒരുങ്ങുകയാണെന്നു കോൺഗ്രസ് അവകാശപ്പെട്ടു. പിന്നാലെ ദേശീയ കൺവീനർ അരവിന്ദ്‍ കേജ്‌രിവാൾ നാളെ എംഎൽഎമാരുടെ യോഗം വിളിച്ചു.
ഡൽഹിയിലെ തോൽവി എഎപിയുടെ ഭാവിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നതിനിടെയാണ് പഞ്ചാബിലെ വിമതനീക്കം. 117 അംഗ നിയമസഭയിൽ 92 എംഎല്‍എമാരാണ് ആപ്പിനുള്ളത്. ഒരു വർഷമായി ആം ആദ്മി എംഎല്‍എമാര്‍ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ പാര്‍ട്ടി വിടാൻ ആഗ്രഹിക്കുന്നു എന്നുമാണ് കോൺഗ്രസിന്‍റെ അവകാശവാദം. എന്നാൽ പഞ്ചാബിലെ ആം ആദ്മി നേതൃത്വം റിപ്പോർട്ടുകൾ തള്ളി.
പഞ്ചാബിലെ എഎപിയിൽ ഭിന്നിപ്പുണ്ടാകുമെന്നും സർക്കാരിൽ മാറ്റമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മുപ്പത് എംഎൽഎമാർ മറുകണ്ടം ചാടിയാലും പതിനെട്ട് എംഎൽഎമാർ മാത്രമുള്ള കോൺഗ്രസിന് സർക്കാർ രൂപീകരണം സാധ്യമാകില്ല.
ഡൽഹി തിരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്‍റെ തുടക്കമാണെന്നും, ഒഴിഞ്ഞുകിടക്കുന്ന ലുധിയാന മണ്ഡലത്തിൽ മത്സരിച്ച് കേജ്‌രിവാള്‍ പഞ്ചാബ് സർക്കാരിന്‍റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്നും പ്രതാപ് സിങ് ബജ്‌വ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രിയാകാനാണ് കേജ്‌രിവാള്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.