rahul-keralastory

‘കേരള സ്റ്റോറി 2’ സിനിമ കാണാൻ ആരും തിയറ്ററിലെത്തുന്നില്ല എന്നത് നല്ലകാര്യമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സിനിമകളെയും മാധ്യമങ്ങളെയും പ്രൊപ്പഗണ്ടകൾക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്നും ഇത്തരം സിനിമകൾക്കായി ധാരാളം പണം ഒഴുക്കുന്നതായും അദ്ദേഹം പറഞ്ഞു. കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

കേരളം എന്താണെന്നും ഇവിടുത്ത പാരമ്പര്യവും സംസ്‌കാരവും എന്താണെന്നും രാജ്യത്തെ ഭൂരിപക്ഷം ആളുകൾക്കും അറിയാമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘കേരള സ്റ്റോറി 2’ ആരും കാണുന്നില്ലെന്നും തിയേറ്ററുകൾ ഒഴിഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകളെ അവഹേളിക്കാനും സമുദായങ്ങളെ തമ്മില്‍ അകറ്റാനും വിഭാഗീയത സൃഷ്ടിക്കാനും സിനിമ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ ചിലര്‍ ആയുധമാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. 

രണ്ടുദിവസത്തെ സന്ദർശനത്തിനായാണ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. കൊല്ലം ആശ്രാമം മൈതനാത്ത് ശ്രീനാരായണ ഗുരു-മഹാത്മ ഗാന്ധി മഹാസംഗമ ശതാബ്ദി ആഘോഷം രാവിലെ പതിനൊന്നിന് അദ്ദേഹം ഉദ്ഘാടനം ചെയ്തു. പിന്നീട് ഉച്ചയ്ക്കാണ് കുട്ടിക്കാനം മരിയൻ കോളജിലെ വിദ്യാർഥികളുമായി സംവാദം നടത്തിയത്. 

നാളെ രാവിലെ തിരുവനന്തപുരത്ത് ഐടി പ്രൊഫഷനലുകളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.

ENGLISH SUMMARY:

Rahul Gandhi stated that it is a good thing that no one is coming to theaters to watch 'The Kerala Story 2'. He believes that films and media are being used for propaganda and that significant amounts of money are being spent on such movies.