Image Credit: ANI
ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയെ രൂക്ഷമായി വിമര്‍ഷിച്ച് രാജ്യസഭാ എംപി സ്വാതി മലിവാള്‍. കൽക്കാജി മണ്ഡലത്തിലെ തന്റെ വിജയത്തിനു പിന്നാലെ നൃത്തം ചെയ്ത അതിഷിയുടെ വിഡിയോയാണ് സൈബറിടത്ത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. ഈ വിഡിയോയെ വിമര്‍ശിച്ചാണ് സ്വാതി മലിവാളും രംഗത്തെത്തിയത്. എന്തൊരു നാണംകെട്ട പ്രകടനമാണിത് എന്നായിരുന്നു വിഡിയോ പങ്കുവച്ചുകൊണ്ട് സ്വാതി മലിവാള്‍ എക്സില്‍ കുറിച്ചത്.
സ്വാതി മലിവാള്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
‘എന്തൊരു നാണംകെട്ട പ്രകടനമാണിത് ? പാർട്ടി തോറ്റു, വലിയ നേതാക്കളെല്ലാം തോറ്റു, അതിഷി ഇങ്ങനെ ആഘോഷിക്കുകയാണോ?’ എന്നാണ് സ്വാതി കുറിച്ചത്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയും പാര്‍ട്ടിയുടെ മുന്നിരനേതാക്കളുള്‍പ്പടെ തോറ്റിട്ടും അതിഷിക്കെങ്ങനെ നൃത്തം ചെയ്യാനാകുന്നു എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. 52,154 വോട്ടുകൾ നേടിയാണ് അതിഷി കൽക്കാജി സീറ്റ് നിലനിർത്തിയത്. ബിജെപിയുടെ രമേഷ് ബിധുഡിയെ 3,521 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അതിഷി പരാജയപ്പെടുത്തിയത്. തന്‍റെ വിജയാഘോഷം അതിഷിയ്ക്ക് തന്നെ വിനയായി മാറുകയാണ്.
അതേസമയം പതിറ്റാണ്ടിലേറെ കാലം കോണ്‍ഗ്രസും പിന്നീട് ആംആദ്മി പാര്‍ട്ടിയും കൈവശംവെച്ചിരുന്ന ഡല്‍ഹിയില്‍ ചരിത്രവിജയമാണ് ബിജെപി നേടിയത്. അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള വൻമരങ്ങളെ വീഴ്ത്തിയാണ് തലസ്ഥാനഭരണം ബിജെപി പിടിച്ചെടുത്തത്.