ഡൽഹിയിലെ ബി ജെ പി വിജയത്തിന് പിന്നാലെ ഇന്ത്യ സഖ്യത്തിൽ അഭിപ്രായ ഭിന്നത രൂക്ഷം. അഹംഭാവം മാറ്റിവെച്ച് ഒന്നിച്ചു നിന്ന് സ്വേച്ഛാധിപത്യത്തെ തോൽപ്പിക്കേണ്ടതുണ്ടെന്ന് നേതാക്കൾ പ്രതികരിച്ചു. പരാജയം ഒഴിവാക്കാനായില്ലെങ്കിലും കോൺഗ്രസ് ഒപ്പമുണ്ടായിരുന്നെങ്കിൽ ആപ്പിന്‍റെ തോൽവിയുടെ ആഘാതം കുറയ്ക്കാമായിരുന്നു എന്ന് വിമർശനമുണ്ട്.
ഹരിയാനയ്ക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഐക്യം നഷ്ടപ്പെട്ട ഇന്ത്യ സഖ്യം ഡൽഹി തിരഞ്ഞെടുപ്പോടെ കൂടുതൽ ശിഥിലമായിരിക്കുകയാണ്. പതിനഞ്ചോളം മണ്ഡലങ്ങളിൽ കോൺഗ്രസ് പിടിച്ച വോട്ടുകൾ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കളുടെ തോൽവിക്കു കാരണമായി എന്നതാണ് പ്രധാന വിമർശനം. ബിജെപി ആഗ്രഹിച്ച രീതിയിലേക്ക് കോൺഗ്രസും എ.എ.പിയും ഡൽഹിയെ എത്തിച്ചെന്നുo ഇത്തരത്തിൽ മുന്നോട്ടു പോയാൽ സ്വേച്ഛാധിപത്യത്തെ പരാജയപ്പെടുത്താൻ കഴിയില്ലെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രതികരിച്ചു.
ബീഹാറിൽ ബിജെപിയുടെ വേലകൾ വിലപ്പോകില്ലെന്നായിരുന്നു ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്‍റെ പ്രതികരണം. പരസ്പരം വഴക്ക് കൂടൂ എന്നായിരുന്നു നാഷ്ണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയുടെ പരിഹാസം. എന്നാൽ കെജ്രിവാളിന്റെയും ആം ആദ്മി പാർട്ടിയുടെയും വഞ്ചനകൾക്കും അതിരുകടന്ന അവകാശവാദങ്ങൾക്കും ജനം നൽകിയ മറുപടിയാണിതെന്നാണ് കോൺഗ്രസ് പ്രതികരണം. കോൺഗ്രസും ആം ആദ്മി പാർട്ടിയും ഒന്നിച്ചു നിന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴു സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു. ആം ആദ്മി പാർട്ടിയെയും ബിജെപിയെയും വെറുത്തവരാണ് കോൺഗ്രസിന് വോട്ട് ചെയ്തതെന്നും വിലയിരുത്തലുകൾ ഉണ്ട്.