സുഷമ സ്വരാജിന് ശേഷം ഡല്‍ഹിക്കൊരു ബിജെപി മുഖ്യമന്ത്രി, അതാരാകും? 27 വര്‍ഷത്തിന് ശേഷം തലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്കെത്തുമ്പോള്‍ ഉയരുന്ന പ്രധാന ചോദ്യമിതാണ്. ആപ്പിന്‍റെ ആധിപത്യം തകര്‍ത്ത് ഡല്‍ഹി ഭരണം പിടിച്ച ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഞ്ചുപേരുകള്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ തറപറ്റിച്ച് ഈ തിരഞ്ഞെടുപ്പിലെ ജയന്‍റ് കില്ലറായ പര്‍വേശ് വര്‍മയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മയുടെ മകനായ പര്‍വേശ് വര്‍മ ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ വിശ്വസ്തനാണ്. ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാളിനെ മലര്‍ത്തിയടിച്ചതോടെ മുഖ്യമന്ത്രി പദത്തിലേക്കുള്ള പര്‍വേശിന്‍റെ സാധ്യത വര്‍ധിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ അമേഠിയിലെ തോല്‍വിക്കുശേഷം രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്ത സ്മൃതി ഇറാനിയുടെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പിന്‍റെ പ്രാരംഭഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സ്മൃതി ഇറാനിയുടെ പേര് പറഞ്ഞുകേട്ടിരുന്നു. വിജേന്ദര്‍ ഗുപ്ത, രമേഷ് ബിദുഡി, രേഖ ഗുപ്ത എന്നീപേരുകളും നിലവില്‍ ബിജെപി നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്.