ഡല്‍ഹി തിരഞ്ഞെടുപ്പില്‍ എഎപിയ്ക്കു ഇരട്ടി ആഘാതമായി പാര്‍ട്ടി ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റേയും മനീഷ് സിസോദിയയുടേയും തോല്‍വി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ കേജ്‌രിവാള്‍ ബി.ജെ.പിയുടെ പര്‍വേശ് വര്‍മയോടു 3182 വോട്ടിന് പരാജയപ്പെട്ടു. അരവിന്ദ് കേജ്‍രിവാളിന്‍റെ ഡല്‍ഹിയിലെ ആദ്യ തിരഞ്ഞെടുപ്പ് പരാജയം കൂടിയാണിത്. ജങ്പുരയില്‍ ബിജെപിയുടെ തര്‍വീന്ദര്‍ സിങ്ങിനോടാണ് സിസോദിയ 572 വോട്ടിന് തോറ്റത്. കല്‍ക്കാജിയില്‍ മുഖ്യമന്ത്രി അതിഷി ജയിച്ചു. മുന്‍ മന്ത്രിമാരടക്കം ആപ്പിന്‍റെ പല നേതാക്കളും പരാജയത്തിന്‍റെ വക്കിലാണ്. കോണ്‍ഗ്രസിന് ഇത്തവണയും ഒരുസീറ്റും ലഭിച്ചില്ല.
Read Also: ഡല്‍ഹി മുഖ്യമന്ത്രിയാര്?; ഈ മൂന്നു പേരുകള്‍ പരിഗണനയില്‍; ആകാംക്ഷ
ബി.ജെ.പി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുഖ്യമന്ത്രി ആരെന്ന ചര്‍ച്ചകളും ബി.ജെ.പി. ആരംഭിച്ചു. ഡല്‍ഹിയില്‍ 27 വര്‍ഷത്തിനുശേഷം ബി.ജെ.പി അധികാരത്തിലേറുകയാണ്. ആകെയുള്ള 70 സീറ്റില്‍ 46 ലും മുന്നേറിയാണ് ബി.ജെ.പി ഭരണമുറപ്പിച്ചത്. കഴിഞ്ഞ രണ്ടുതവണയും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച എ.എ.പി കനത്ത തിരിച്ചടി നേരിട്ടു.
മുഖ്യമന്ത്രിയെ കേന്ദ്രനേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ഇതിനോടകം പറഞ്ഞു കഴിഞ്ഞു. തിരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടത് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയായിരുന്നു. വിജേന്ദര്‍ ഗുപ്ത, രമേഷ് ബിദുഡി, രേഖ ഗുപ്ത എന്നീപേരുകളാണ് നിലവില്‍ പരിഗണനയില്‍. അപ്രതീക്ഷിതമായ പേരുകളുെട എന്‍ട്രിയും അണികള്‍ പ്രതീക്ഷിക്കുന്നു.