aap-delhi

രാജ്യ തലസ്ഥാനം ആരുഭരിക്കുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അവകാശവാദങ്ങളുമായി മുന്നണികള്‍. ഡല്‍ഹിയില്‍ വിജയം ബി.ജെ.പിയുടേതെന്ന്  സംസ്ഥാന അധ്യക്ഷന്‍ വിരേന്ദ്ര സച്ച്ദേവ. അഴിമതിക്കാര്‍ക്ക് എതിരെയാണ് ഡല്‍ഹിക്കാര്‍ വോട്ട് ചെയ്തതെന്നും സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു. അതേസമയം, ‌അരവിന്ദ് കേജ്‍രിവാള്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്ന് എഎപി നേതൃത്വം അവകാശപ്പെട്ടു. നിലവില്‍ സഖ്യ ചര്‍ച്ചകളൊന്നുമില്ലെന്ന് കോണ്‍ഗ്രസ്. 

രാജ്യതലസ്ഥാനം ആര് ഭരിക്കും ?

ഡല്‍ഹിയില്‍ നാലാമതും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വരുമോ, അതോ കാല്‍നൂറ്റാണ്ടിനുശേഷം ബി.ജെ.പി രാജ്യതലസ്ഥാനം ഭരിക്കുമോ? രാജ്യം ആകംക്ഷയോടെ കാത്തിരിക്കുന്ന ഡല്‍ഹി നിയമസഭ വോട്ടെണ്ണല്‍ രാവിലെ എട്ടുമണിക്ക് ആരംഭിക്കും.19 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. എട്ടേകാലോടെ ആദ്യഫലസൂചനകള്‍ പുറത്തുവരും. ഉച്ചയോടെ അന്തിമ ഫലമറിയാം. ആകെയുള്ള 70 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 60.54 ശതമാനം പേരാണ് വോട്ട് ചെയ്തത്. തലസ്ഥാന നഗരത്തിന്‍റെ ഭരണത്തിനായി ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലാണ് ഏറ്റുമുട്ടുന്നതെങ്കിലും കഴിഞ്ഞ രണ്ട് തവണയും സീറ്റൊന്നും ലഭിക്കാത്ത കോണ്‍ഗ്രസ് ഏതാനും സീറ്റില്‍ വിജയിച്ചുകയറാമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: രാജ്യതലസ്ഥാനം ആര് ഭരിക്കും ?

1993ലാണ് ബിജെപി ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നത്. അന്ന് 30–40 ശതമാനമായിരുന്നു വോട്ടുശതമാനം. 98 മുതല്‍ 2008വരെ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തു. 2013 ല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് എഎപിയുടെ തേരോട്ടമാണ് ഡല്‍ഹി കണ്ടത്. 

 

ന്യൂനപക്ഷ– വനിത– മധ്യവര്‍ഗ വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. 2020ലെ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന എഎപിയുടെ പ്രഖ്യാപനം വോട്ട് വാരിക്കൂട്ടിയിരുന്നു. ഇക്കുറി 2100 രൂപ പ്രതിമാസം സാമ്പത്തിക സഹായമാണ് എഎപിയുടെ വാഗ്ദാനം.കോണ്‍ഗ്രസും ബിജെപിയും 2500 രൂപവീതമാണ് പ്രതിമാസം വാഗ്ദാനം ചെയ്യുന്നത്. ഇതിന് പുറമെ സബ്സിഡി സിലിണ്ടര്‍, പെന്‍ഷന്‍ പരിഷ്കരണം, ആരോഗ്യ– വിദ്യാഭ്യാസ പദ്ധതികളെന്നിവയും രാഷ്ട്രീയ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങളായി സ്ത്രീവോട്ടര്‍മാര്‍ക്ക് മുന്നില്‍ വച്ചു. 72.36 ലക്ഷമാണ് ഡല്‍ഹിയിലെ വനിതാ വോട്ടര്‍മാരുടെ എണ്ണം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും എഎപിയെ തുണച്ച വനിതാവോട്ടര്‍മാര്‍ ഇക്കുറി പിന്തുണയ്ക്കുമോ എന്ന് കണ്ടറിയേണ്ടിവരും. ഇതിന് പുറമെ ദലിത്, മുസ്​ലിം, മധ്യവര്‍ഗ വോട്ടുകളുടെയും വിതരണം തലസ്ഥാനത്തിന്‍റെ വിധി നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാകും.

ENGLISH SUMMARY:

Delhi Assembly Election Results 2025