പാര്‍ലമെന്‍റില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനിടെ തുടര്‍ച്ചയായി ബഹളമുയര്‍ത്തി ഭരണപക്ഷം. ചൈനീസ് സൈന്യം ഇന്ത്യന്‍ മണ്ണിലുണ്ടെന്ന് കരസേന മേധാവി പറഞ്ഞെന്ന പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ബഹളം. എന്നാല്‍ പ്രധാനമന്ത്രി ഇത് അംഗീകരിക്കുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. ചൈനയെ മറികടക്കാന്‍ യു.എസുമായി സഹകരിച്ച് മുന്നോട്ടുപോകാന്‍ ശ്രമിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
മോദിയെ ക്ഷണിക്കാന്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിയെ യു.എസിലേക്ക് അയച്ചെന്നും ഉല്‍പാദനരംഗത്ത് നമ്മള്‍ കരുത്തരെങ്കില്‍ യു.എസ്.പ്രസിഡന്‍റ് ക്ഷണിക്കാന്‍ ഇങ്ങോട്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ പറയുന്നത് അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് ഭരണപക്ഷം പ്രതിഷേധിച്ചു. നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കില്‍ ക്ഷമചോദിക്കുന്നെന്ന് രാഹുല്‍ ഗാന്ധി തിരിച്ചടിച്ചു.
രാജ്യത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നും തലപ്പത്ത് പിന്നാക്കക്കാരില്ലെന്നും വികസനം പിന്നാക്ക വിഭാഗക്കാരെയും ഉള്‍പ്പെടുത്തിയാകണമെന്നും രാഹുല്‍ പറഞ്ഞു. മോദിയെ പുകഴ്ത്തുന്ന മാധ്യമങ്ങളുടെ തലപ്പത്തും മുന്നോക്കക്കാരാണ്. ഭരണപക്ഷത്ത് ഒബിസി എം.പിമാരുണ്ട്, അവര്‍ക്ക് വാ തുറക്കാന്‍ പറ്റുന്നില്ല. പിന്നാക്കവിഭാഗക്കാരെ മുന്നോട്ട് കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ വന്‍ ക്രമക്കേടാണ് നടന്നത് . നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 ലക്ഷം വോട്ടര്‍മാര്‍ അധികമായി വന്നെന്നും രാഹുല്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഹുല്‍ ഗാന്ധി പരിഹസിച്ചു. തിരഞ്ഞെടുപ്പിന് മുന്‍പ് 400 സീറ്റ് നേടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണഘടനയെ വണങ്ങേണ്ടിവന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. യു.പി.എ, എന്‍.ഡി.എ സര്‍ക്കാരുകള്‍ക്ക് തൊഴിലില്ലായ്മ പരിഹരിക്കാനായില്ല. ഉല്‍പാദന മേഖലയെ നേരായി നയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ആരംഭിച്ച ശേഷം ഉല്‍പാദനം കുറഞ്ഞു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയെ കുറ്റം പറയുന്നില്ല, അദ്ദേഹം ശ്രമിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന്‍റെ മൂന്നാംദിനം ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം സ്പീക്കർ അവഗണിച്ചു. പ്രതിപക്ഷം നടത്തുളത്തിറങ്ങി മുദ്രാവാക്യം മുഴക്കിയപ്പോഴും നടപടികൾ തുടർന്നു. സഭ ചേർന്നയുടൻ കുംഭമേള ദുരന്തത്തിൽ പ്രത്യേക ചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങി. നന്ദിപ്രമേയ ചർച്ചയിൽ ഉന്നയിക്കാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും വഴങ്ങാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറും വഴങ്ങിയില്ല, സഭാ നടപടികൾ തുടർന്നു. ഒടുവിൽ പ്രതികാത്മക ഇറങ്ങിപ്പോക്കിന് ശേഷം മടങ്ങിയെത്തിയ പ്രതിപക്ഷം നടപടികളുടെ ഭാഗമായി.
രാജ്യസഭയിലും സമാനമായിരുന്നു സാഹചര്യം. കുംഭമേള അപകടവും ഭരണഘടനയെ അപമാനിച്ചതും ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് നല്‍കിയ ഒന്‍പത് നോട്ടിസുകള്‍ അധ്യക്ഷന്‍ തള്ളി. കേരളത്തിലെ വന്യമൃഗ ആക്രമണം എ.എ.റഹീം എം.പി. രാജ്യസഭയില്‍ ഉന്നയിച്ചു. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യന്റെയും സുരേഷ് ഗോപിയുടെയും പ്രസ്താവനക്കെതിരെ ഇടതുപക്ഷ എം.പിമാർ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.