രാഷ്ട്രപതിക്കെതിരായ സോണിയാ ഗാന്ധിയുടെ പരാമര്‍ശം പാര്‍ലമെന്‍റിനകത്തും പുറത്തും ആയുധമാക്കാന്‍ ഭരണപക്ഷം. ഇന്ന് ബജറ്റ് അവതരണമായതിനാല്‍ സഭയ്ക്കകത്ത് കാര്യമായ പ്രതിഷേധങ്ങള്‍ ഉണ്ടാവില്ല. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭാതലം പ്രക്ഷുബ്ധമായേക്കും.
കുംഭമേള ദുരന്തവും വഖഫ് ജെ.പി.സിക്കെതിരായ പരാതികളുമടക്കം വിവിധ വിഷയങ്ങളില്‍ പ്രതിരോധത്തിലാവുമായിരുന്ന ഭരണപക്ഷത്തിന് കിട്ടിയ അപ്രതീക്ഷിത ആയുധമാണ് സോണിയാ ഗാന്ധിയുടെ രാഷ്ട്രപതിക്കെതിരായ പരാമര്‍ശം. പ്രധാനമന്ത്രിതന്നെ വിഷയം ഏറ്റെടുത്തതോടെ ഭരണപക്ഷം ഇനിയുള്ള ദിവസങ്ങളില്‍ വര്‍ധിത വീര്യത്തോടെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുമെന്നുറപ്പ്. തിങ്കളാഴ്ച മുതല്‍ രാഷ്ട്രപതിയുടെ അഭസംബോധനയിന്‍മേലുള്ള ചര്‍ച്ചയാണ് പാര്‍ലമെന്‍റില്‍. സ്വാഭാവികമായും ഭരണപക്ഷം ഈ വിഷയം ശക്തമായി ഉന്നയിക്കും. സര്‍ക്കാരിനെതിരായ പ്രതിപക്ഷ നീക്കങ്ങളെ ചെറുക്കാനും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനും ഇതിലൂടെ സാധിക്കും.
അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശത്തെ തുടര്‍ന്നുണ്ടായ വിവാദത്തിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കാനും ഭരണപക്ഷത്തിന് വഴിയൊരുങ്ങി എന്നതാണ് വസ്തുത. ഭരണഘടനയെയും മുഴുവന്‍ ആദിവാസി സമൂഹത്തെയുമാണ് സോണിയ ഗാന്ധി അപമാനിച്ചതെന്ന് ഇന്നലെ പ്രധാനമന്ത്രി പറഞ്ഞത് ഇതിന് ഉദാഹരണമാണ്. ഇന്ത്യ മുന്നണിയിലെ ഘടകക്ഷികളാരും സോണിയയുടെ പരാമര്‍ശത്തെ ന്യായീകരിക്കാന്‍ എത്തിയില്ല എന്നതും ശ്രദ്ധേയം.