അനധികൃതമായി ലഭിച്ച വായ്പ തിരിച്ചടച്ചാലും കള്ളപ്പണ കേസ് ഒഴിവാകില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. പിഎംഎൽഎ കേസിൽനിന്ന് ഒഴിവാക്കണമെന്ന കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിലെ പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിലും പിഎംഎൽഎ നിയമം ബാധകമാകാമെന്നും ഹൈക്കോടതി വ്യക്തമാക്കി

 

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് ബന്ധുക്കളുടെ പേരിലടക്കം രണ്ടര കോടി രൂപ വായ്പയെടുത്തെ കേസിൽ പ്രതിയായ എ.ജെ.പോൾസന്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വായ്പത്തുക പൂർണമായി തിരിച്ചടച്ചതുകൊണ്ട് മാത്രം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളിൽനിന്ന് ഒഴിവാകാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടച്ചത് പിഎംഎൽഎ പ്രകാരമുള്ള കുറ്റത്തിന്റെ സാധുത ഇല്ലാതാക്കുന്നില്ല. കേസിൽ നിന്നും ഒഴിവാക്കണമെന്നും, സ്വത്തുക്കൾ കണ്ടുകെട്ടിയത് നീക്കാനും, ഇഡി പിടിച്ചെടുത്ത രേഖകൾ തിരികെ നൽകാനും ആവശ്യപ്പെട്ടായിരുന്നു ഹർജികൾ. 

 

കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽനിന്ന് 2014-ലാണ് പോൾസണും ഭാര്യയും മകനും ഭാര്യാപിതാവും ഭാര്യാമാതാവും 50 ലക്ഷം രൂപ വീതം വായ്പയെടുത്തത്. ബാങ്ക് ഭാരവാഹികളുമായി ഒത്തുകളിച്ച് തന്റെയും ബന്ധുക്കളുടെയും പേരിൽ അനധികൃതമായി വായ്പകൾ നേടിയെന്നാണ് പോൾസണെതിരായ ഇ.ഡിയുടെ ആരോപണം. ഇത്തരത്തിൽ ലഭിച്ച 2.5 കോടി രൂപ കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണമാണെന്നും ഇത് ഉപയോഗിച്ച് കർണാടകയിലെ ഗുണ്ടൽപേട്ടിൽ ഭൂമി വാങ്ങിയെന്നും ഇ.ഡി വ്യക്തമാക്കി. 

 

കുറ്റകൃത്യത്തിലൂടെ ലഭിച്ച പണം മറച്ചുവെക്കുകയും അതിന്റെ ഉറവിടം മറച്ചുവെച്ച് സ്വത്തുക്കൾ സമ്പാദിക്കുകയും ചെയ്തുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട പോൾസണിന്റെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. 2025 നവംബറിൽ പോൾസണും കുടുംബാംഗങ്ങളും അഞ്ച് വായ്പകളുടെയും കുടിശ്ശിക പൂർണമായി തിരിച്ചടച്ചു. ആകെ 4,30,85,889 രൂപയാണ് ബാങ്കിൽ അടച്ചത്. ഇതോടെ വായ്പാ തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട നടപടികൾ അവസാനിപ്പിക്കുകയും ചെയ്തു. വായ്പ തിരിച്ചടച്ച സാഹചര്യത്തിൽ പിഎംഎൽഎ കേസ് തുടരാൻ നിയമപരമായി അടിസ്ഥാനമില്ലെന്നായിരുന്നു പോൾസണിന്റെ വാദം. ഈ വാദമാണ് ഹൈക്കോടതി തള്ളിയത്. അടിസ്ഥാന കേസിൽ പ്രതിയല്ലെങ്കിലും പിഎംഎൽഎ ബാധകമാകാമെന്നും ജസ്റ്റിസ് ജി.ഗിരീഷ് വ്യക്തമാക്കി.

ENGLISH SUMMARY:

Karuvannur bank scam case highlights the Kerala High Court ruling that repaying an illegally obtained loan does not exempt an accused from PMLA proceedings. The court dismissed the petition stating that money laundering charges remain valid regardless of loan repayment.