graham-staines-dara-singh

TOPICS COVERED

ഓസ്ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയിൻസിനെയും രണ്ട് ആൺമക്കളെയും കൊലപ്പെടുത്തിയ കേസിൽ തടവിൽ കഴിയുന്ന രവീന്ദ്രപാൽ എന്ന ധാരാ സിങ്ങിന്റെ ശിക്ഷാ ഇളവ് ഹർജി ഒഡിഷ സർക്കാർ തള്ളി. ഇക്കാര്യം സർക്കാർ സു​പ്രീം കോടതിയെ ഔദ്യോഗികമായി ഒഡീഷ സർക്കാർ അറിയിക്കുകയായിരുന്നു. ശിക്ഷാ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജി ഒഡീഷ സംസ്ഥാന ശിക്ഷാ ബോർഡാണ് തള്ളിയത്. 

63 കാരനായ ധാര സിങ് കേസിൽ ജീവപര്യന്തം തടവാണ് നിലവിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ശിക്ഷാ ഇളവ് ഹരജിയിൽ തീരുമാനം വൈകിച്ചതിന് സുപ്രീം കോടതി ഇതിനുമുമ്പ് ഒഡീഷ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 25 വർഷത്തിലധികം ജയിൽ ശിക്ഷ അനുഭവിച്ചതായി ചൂണ്ടിക്കാട്ടിയാണ് ധാരാ സിങ് ശിക്ഷയിൽ ഇളവ് തേടി 2024-ൽ റിട്ട് ഹർജി സമർപ്പിച്ചത്.

ശിക്ഷാ ഇളവ് തള്ളിക്കൊണ്ടുള്ള ഉത്തരവിന്‍റെ പകർപ്പ് സിങ്ങിന്‍റെ അഭിഭാഷകന് കൈമാറി.അനുയോജ്യമായ ഭേദഗതി അപേക്ഷ സമർപ്പിക്കാൻ രണ്ട് ആഴ്ചത്തെ സമയം ഹരജിക്കാരൻ ആവശ്യപ്പെടുകയും കോടതി അത് അനുവദിക്കുകയും ചെയ്തു. തുടർന്ന് കേസ് മൂന്ന് ആഴ്ചത്തേക്ക് മാറ്റിവെച്ചു. ഒഡീഷ സംസ്ഥാന നയമനുസരിച്ച്, 25 വർഷത്തെ ജയിൽവാസം പൂർത്തിയാക്കിയ ശേഷം വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത കുറ്റവാളികൾക്ക് ഇളവ് പരിഗണിക്കാവുന്നതാണ്. 2003-ൽ വിചാരണ കോടതി ദാരാ സിംഗിന് വധശിക്ഷ വിധിച്ചിരുന്നു. 2005-ൽ ഒറീസ ഹൈക്കോടതി വധശിക്ഷ ജീവപര്യന്തമായി കുറച്ചു, 2011-ൽ സുപ്രീം കോടതി അത് ശരിവച്ചു.  

1999 ജനുവരി 23 ന് രാത്രിയിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നത്. ഒഡീഷയിലെ കിയോഞ്ജർ ജില്ലയിലെ മനോഹർപൂർ ഗ്രാമത്തിൽ വാഹനത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രഹാം സ്റ്റെയിൻസിനെയും 11 വയസുകാരനായ ഫിലിപ്പ്, എട്ട് വയസുകാരനായ തിമോത്തി എന്നീ രണ്ട് മക്കളെയും ധാര സിങ്ങിന്റെ നേതൃത്വത്തിലുള്ള അക്രമികൾ ജീവനോടെ തീവെച്ചു കൊലപ്പെടുത്തിയത്. കുഷ്ഠരോഗികളെ പരിചരിക്കുന്ന മയൂർഭഞ്ച് ഇവാഞ്ചലിക്കൽ മിഷണറിയുടെ ഭാഗമായിട്ടായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസും പ്രവർത്തിച്ചിരുന്നത്. 

ഗ്രഹാം സ്റ്റെയിൻസ് ആദിവാസികൾക്കിടയിൽ മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. കേസിൽ പിന്നീട് മതപരിവർത്തനം നടന്നിട്ടില്ല എന്ന് കണ്ടെത്തി. ബജ്‌റംങ് ദൾ, വിശ്വഹിന്ദു പരിഷത്ത് എന്നിവയുടെ പ്രവർത്തകനായിരുന്നു ധാര സിങ്. തന്റെ റിട്ട് ഹർജിയിൽ, "യുവത്വത്തിന്റെ ആവേശത്തിലാണ്" താൻ കുറ്റകൃത്യം ചെയ്തതെന്നും ഇപ്പോൾ തന്റെ പ്രവൃത്തികളിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും ആയിരുന്നു ധാര സിങ്ങിന്റെ വാദം. 

ENGLISH SUMMARY:

The Odisha government has rejected Dara Singh's plea for sentence reduction in the Graham Staines murder case. This decision was officially communicated to the Supreme Court, which had previously criticized the state for delays in a ruling. Dara Singh, serving a life sentence for the murder of Australian missionary Graham Staines and his two sons, had sought remission after serving over 25 years in prison.