നിലവിലെ രീതിയിൽ തൂക്കിലേറ്റി തന്നെ രാജ്യത്ത് വധശിക്ഷ നടപ്പാക്കുമെന്ന് സുപ്രീം കോടതി. വിഷം കുത്തിവച്ചും വൈദ്യുതാഘാതമേല്‍പ്പിച്ചും  വേദനകുറഞ്ഞ രീതിയിൽ ശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

ഈ വിഷയത്തിൽ നേരത്തെ പുറപ്പെടുവിച്ച മൂന്ന് വിധിന്യായങ്ങൾ വിശാല ബെഞ്ചിന് വിടണമെന്ന ഹർജിയും ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് തള്ളി. 1983ലെ ‘ദീന കേസിലെ’ വിധിയിൽ തൂക്കിലേറ്റൽ ഭരണഘടനാപരമായി ശരിയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഇതിൽ മാറ്റം വരുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് കോടതി നിരീക്ഷിച്ചു.

അഭിഭാഷകനായ ഋഷി മൽഹോത്രയാണ് ഹർജി സമർപ്പിച്ചത്. വിഷം കുത്തിവയ്ക്കൽ, വൈദ്യുതാഘാതം, ഗ്യാസ് ചേംബർ തുടങ്ങിയവ തൂക്കിക്കൊല്ലലിന് പകരം ഉപയോഗിക്കാമെന്നും ഇത്തരം വധശിക്ഷാരീതികളിലൂടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ പ്രതിയുടെ മരണം സ്ഥിരീകരിക്കാൻ കഴിയുമെന്നുമാണ് ഹർജിയിൽ നിർദേശിച്ചിരുന്നത്. തൂക്കിലേറ്റിയ ശേഷം മരണം പ്രഖ്യാപിക്കാൻ ഏകദേശം 40 മിനിറ്റ് എടുക്കാറുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഈ വിഷയത്തിൽ തങ്ങളുടെ വിധി അന്തിമമല്ലെന്നും വധശിക്ഷയുടെ ഇതര രീതികളെക്കുറിച്ച് ശക്തമായ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കിയാൽ ഭാവിയിൽ ഈ വിഷയം വീണ്ടും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ രീതികളെക്കുറിച്ച് സമഗ്രമായ അവലോകനം നടത്താൻ കേന്ദ്ര സർക്കാരിന് താൽപ്പര്യമുണ്ടെങ്കിൽ വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കാമെന്നും കോടതി പറഞ്ഞു.

ENGLISH SUMMARY:

Supreme Court of India upholds hanging as the method of execution for the death penalty. The court rejected a plea seeking alternative methods like lethal injection, stating no need to change the established procedure.