കോപ്പിറൈറ്റ് സ്ട്രൈക്കുകള്‍ യൂട്യൂബിലും മറ്റു സമൂഹ മാധ്യമങ്ങളിലുമെല്ലാം ഇന്ന് വ്യാപകമാണ്. വിഡിയോയോ ചിത്രമോ ഉള്ളടക്കമോ കോപ്പിയടിച്ചതാണെന്ന് പരാതിയുയര്‍ന്നാല്‍ പരാതിക്കാസ്പദമായ ഉള്ളടക്കം പിന്‍വലിക്കേണ്ടിവരും. അല്ലെങ്കില്‍ സമൂഹ മാധ്യമ പ്ലാറ്റ്ഫോം ആ ഉള്ളടക്കം നീക്കും. പ്ലാറ്റ്ഫോമുകള്‍തന്നെ പകര്‍പ്പവകാശ ലംഘനം തിരിച്ചറിഞ്ഞ് കോപ്പിറൈറ്റ് സ്ട്രൈക്ക് നല്‍കുകയും ചെയ്യാം. നിശ്ചിത കാലയളവിനിടെ തുടര്‍ച്ചയായി കോപ്പിറൈറ്റ് സ്ട്രൈക്ക് വന്നാല്‍ അക്കൗണ്ട് താല്‍ക്കാലികമായോ ചിലപ്പോള്‍ സ്ഥിരമായോ ബ്ലോക്ക് ചെയ്യാറുണ്ട്. ഓരോ സമൂഹ മാധ്യമ സ്ഥാപനങ്ങളും തങ്ങളുടെ വിവേചനാധികാരം പോലെയാണ് ഇക്കാര്യങ്ങള്‍ ചെയ്യുന്നത്. ഈ അധികാര പ്രയോഗം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി ഹൈക്കോടതി.

കോപ്പീറൈറ്റ് സ്ട്രൈക്കുകളുടെ അടിസ്ഥാനത്തിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ താല്‍ക്കാലികമായോ സ്ഥിരമായോ നീക്കം ചെയ്യാനാകുമോ എന്നാണ് ഡൽഹി ഹൈക്കോടതി പരിശോധിക്കുന്നത്. 'ഐഐടിയൻ ട്രേഡർ' (IITian Trader) എന്ന പേരിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ സൗരഭ് മൗര്യ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. പരിശോധനയ്ക്കായി ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനിയുടെ ബെഞ്ച് പ്രാഥമിക പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കി.  

തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്കുമേൽ വ്യാജ കോപ്പീറൈറ്റ് സ്ട്രൈക്കുകൾ ഏര്‍പ്പെടുത്തി അക്കൗണ്ട് മെറ്റ സസ്‌പെൻഡ് ചെയ്തെന്നാണ് സൗരഭ് മൗര്യയുടെ പരാതി. മെറ്റയുടെ നടപടി ചോദ്യം ചെയ്തുള്ള  ഹര്‍ജിയില്‍, കോപ്പീറൈറ്റ് സംവിധാനം ദുരുപയോഗം ചെയ്ത് പണം തട്ടുന്ന റാക്കറ്റുകളില്‍നിന്ന് നഷ്ടപരിഹാരവും ആവശ്യപ്പെടുന്നുണ്ട്.

കോപ്പീറൈറ്റ് ഉടമകളെന്ന് വ്യാജമായി അവകാശപ്പെട്ടാണ് പലരും പകര്‍പ്പവകാശ പരാതി ഉന്നയിക്കുന്നത്. ഈ സംവിധാനം പൂർണ്ണമായും ദുരുപയോഗം ചെയ്യപ്പെടുകയാണ്. ആരോ ഒരാൾ ഉള്ളടക്കം തങ്ങളുടേതാണെന്ന് പറയുമ്പോൾ പ്ലാറ്റ്‌ഫോം അത് നീക്കം ചെയ്യുന്നു. അത് പുനഃസ്ഥാപിക്കാൻ യഥാർത്ഥ ഉടമയ്ക്ക് നിരന്തരം പ്ലാറ്റ്ഫോമിന് എഴുതേണ്ടി വരുന്നു, ഒടുവിൽ കോടതി കയറേണ്ടിയും വരുന്നു. അക്കൗണ്ടോ വിഡിയോയോ നീക്കം ചെയ്യാൻ സമൂഹ മാധ്യമത്തിന് എങ്ങനെ തീരുമാനമെടുക്കാനാകും? സൗരഭിനായി അഭിഭാഷക ദിയ കപൂർ കോടതിയില്‍ ചോദിച്ചു.  

'ശ്രേയ സിംഗാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ' എന്ന കേസിലെ സുപ്രീം കോടതി വിധിയും 'മൈസ്പേസ് ഇൻകോർപ്പറേഷൻ വേഴ്സസ് സൂപ്പർ കാസറ്റ്സ് ഇൻഡസ്ട്രീസ് ലിമിറ്റഡ്' എന്ന കേസിലെ ഡൽഹി ഹൈക്കോടതി വിധിയും തെറ്റായി വ്യാഖ്യാനിച്ചാണ് സമൂഹ മാധ്യമങ്ങള്‍ കോപ്പീറൈറ്റ് സ്ട്രൈക്കുകൾ ഏര്‍പ്പെടുത്തുന്നത്. രജിസ്റ്റർ ചെയ്ത കോപ്പീറൈറ്റ് ഉടമയ്ക്കോ അല്ലെങ്കിൽ കോടതി കോപ്പീറൈറ്റ് ഉടമയായി പ്രഖ്യാപിച്ച വ്യക്തിക്കോ മാത്രമേ പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ സ്ട്രൈക്ക് നൽകാൻ സാധിക്കൂ എന്ന രീതിയിൽ മൈസ്പേസ് വിധി ഹൈക്കോടതി വ്യക്തമാക്കണമെന്ന് ദിയ കപൂർ ആവശ്യപ്പെട്ടു.

ഈ വാദങ്ങള്‍ മുഖവിലയ്ക്കെടുത്താണ് കോപ്പീറൈറ്റ് സ്ട്രൈക്ക് അടിസ്ഥാനത്തിൽ അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യുന്നതും, ഡിലീറ്റ് ചെയ്യുന്നതും കോടതി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇവ സുപ്രീം കോടതിയുടെയും ഹൈക്കോടതിയും മുന്‍ വിധിന്യായങ്ങളിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണോ എന്നാണ് പരിശോധിക്കുക. വിഷയത്തില്‍ മറുപടി നല്‍കാനാവശ്യപ്പെട്ട് മെറ്റ, ഗൂഗിൾ, ടെലിഗ്രാം എന്നിവയ്ക്ക് കോടതി നോട്ടീസയച്ചു.  

സൗരഭ് മൗര്യയുടെ അക്കൗണ്ടിനെതിരെ വന്ന 13 കോപ്പീറൈറ്റ് സ്ട്രൈക്കുകളും വ്യാജമാണെന്ന് കണ്ടെത്തിയെന്നും, അതിനാൽ ആ സ്ട്രൈക്കുകൾ പിൻവലിച്ച് അക്കൗണ്ട് പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും മെറ്റയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സ്ട്രൈക്ക് വ്യാജമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ നല്‍കിയാല്‍ മൗര്യയുടെ ഉള്ളടക്കങ്ങൾ സ്ട്രൈക്കിന്റെ പേരിൽ നീക്കം ചെയ്യില്ലെന്നും മെറ്റ ഉറപ്പ് നൽകി. കേസ് സെപ്റ്റംബർ 24-ന് വീണ്ടും പരിഗണിക്കും. കോടതിയുടെ അന്തിമ തീരുമാനം രാജ്യത്തെ സമൂഹ മാധ്യമങ്ങള്‍ക്കും ഉപയോക്താക്കള്‍ക്കും നിര്‍ണാകമാവും.

ENGLISH SUMMARY:

Copyright strikes on social media platforms are being reviewed by the Delhi High Court to determine if platforms can temporarily or permanently suspend user accounts based on these strikes. The court is examining whether these actions align with existing legal precedents and guidelines from the Supreme Court and High Court.