ujjal-bhuyan

സാധാരണ പ്രവൃത്തികളെ ക്രിമിനൽ കുറ്റമാക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഉജ്ജൽ ഭുയാൻ. സമാധാനപരമായ വിയോജിപ്പുകളെ അടിച്ചമർത്തുന്നതിനെയും ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ശക്തമായി വിമർശിച്ചു. ഭോപ്പാലിലെ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്‌സിറ്റിയിൽ നടന്ന ജസ്റ്റിസ് ജി.പി. സിംഗ് നാലാമത് അനുസ്മരണ പ്രഭാഷണത്തിൽ സംസാരിക്കവെയാണ് തന്‍റെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.  

വാരണാസിയിൽ ഗംഗാ നദിയിലൂടെയുള്ള ബോട്ട് യാത്രയ്ക്കിടെ ചിക്കൻ ബിരിയാണി കഴിച്ചതിന് 14 മുസ്ലിം യുവാക്കളെ വാരണാസി പോലീസ് അറസ്റ്റ് ചെയ്ത സംഭവം ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ഭുയാൻ വിമര്‍ശനമുന്നയിച്ചത്. "ഗംഗാ നദിയില്‍ വച്ച് ചിക്കൻ കഴിക്കുന്നത് തടയുന്ന യാതൊരു നിയമവും ഇന്ത്യയിലില്ല,  എന്നിട്ടും അത്തരം കേസിൽ ആളുകളെ അറസ്റ്റ് ചെയ്ത് മൂന്ന് മാസം ജാമ്യം നിഷേധിക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും?", ജസ്റ്റിസ് ഭുയാൻ പറഞ്ഞു. നിയമപ്രകാരം കുറ്റമല്ലാത്ത ഒരു പ്രവൃത്തിയുടെ പേരിൽ എങ്ങനെയാണ് അവരെ മൂന്ന് മാസത്തോളം ജയിലിലിടാൻ കഴിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. 

ഗാസ വിഷയവുമായി ബന്ധപ്പെട്ട് സമരം ചെയ്യാൻ അനുമതി തേടിയുള്ള ഹർജി തള്ളിക്കൊണ്ടുള്ള ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് "വളരെ വിചിത്രം" എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര വിഷയങ്ങളിൽ പൗരന്മാർ പ്രതിഷേധിക്കുന്നതില്‍ ദേശസ്‌നേഹത്തെ ഹൈക്കോടതി ജഡ്ജി ചോദ്യം ചെയ്തിരുന്നു. വിഷയം നടക്കുന്നത് ഏത് ഭൂപ്രദേശത്താണെങ്കിലും സമാധാനപരമായി പ്രതിഷേധിക്കുക എന്നത് ഒരു പൗരന്റെ മൗലികാവകാശമാണെന്ന് ജസ്റ്റിസ് ഭുയാൻ ഓർമ്മിപ്പിച്ചു.

കോടതികൾ ഒടുവിൽ ആശ്വാസം നൽകുന്നുണ്ടെങ്കിലും, പലപ്പോഴും നീതി ലഭിക്കുന്നത് വളരെ വൈകിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് വിലക്കുകയോ പൊതുയോഗങ്ങളിൽ പങ്കെടുക്കുന്നത് തടയുകയോ ചെയ്യുന്ന തരത്തിലുള്ള കർശനമായ ജാമ്യവ്യവസ്ഥകളിൽ ആശങ്ക പ്രകടിപ്പിച്ച ഭുയാന്‍ ഇത്തരം ഉത്തരവുകൾ വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ പരോക്ഷമായി ഇല്ലാതാക്കുമെന്നും കൂട്ടിച്ചേർത്തു. നീതിന്യായ വ്യവസ്ഥ എപ്പോഴും ജനങ്ങളോട് പ്രതികരണശേഷിയുള്ളതായിരിക്കണം. പൗരസ്വാതന്ത്ര്യം സംരക്ഷിക്കണം. പൊതുജനവിശ്വാസം നിലനിർത്താൻ കോടതികൾ വിമർശനങ്ങളെ സ്വാഗതം ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ENGLISH SUMMARY:

Supreme Court Justice Ujjal Bhuyan strongly criticized the criminalization of ordinary acts and the suppression of peaceful dissent during a memorial lecture at NLIU, Bhopal. Highlighting the arrest of 14 Muslim youths who spent three months in jail after eating chicken on a boat in the Ganga, he questioned how non-crimes could be treated as offenses. He also criticized the Bombay High Court's dismissal of a plea seeking permission to protest regarding the Gaza issue, asserting that peaceful protest on international matters is a fundamental right. Emphasizing that delayed justice undermines freedom, Justice Bhuyan called for judicial responsiveness and the protection of citizen liberties.