divorce-verdict-hc

വിവാഹസമയത്ത് കൊണ്ടുവന്ന സ്വർണമോ പണമോ ഭർത്താവിനെയോ ഭർതൃവീട്ടുകരെയോ ഏൽപ്പിച്ചുവെന്നതിന് വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ ഭാര്യയ്ക്ക് സാധിക്കണമെന്ന് ഹൈക്കോടതി. വിവാഹമോചന കേസില്‍ മൂവാറ്റുപുഴ കുടുംബ കോടതി വിധിക്കെതിരായ അപ്പീലിലെ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹസമയത്ത് നൽകിയ 80 പവൻ സ്വർണവും പണവും ഭാര്യയ്ക്ക് തിരിച്ചു കൊടുക്കണമെന്ന് പ്രസ്തുത കേസില്‍ കുടുംബകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭർത്താവും വീട്ടുകാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഉത്തരവ് തിരുത്തിയ ഹൈക്കോടതി, ഭർത്താവ് പണയംവച്ച 30 പവൻ സ്വർണവും, 5 ലക്ഷം രൂപയും തിരിച്ചു നൽകിയാൽ മതിയെന്ന് ഉത്തരവിട്ടു.

സ്വർണം തിരിച്ചുനൽകിയില്ല എന്നതിന് ഭാര്യ തന്നെ തെളിവ് നൽകണമെന്നാണ് കോടതി വ്യക്തമാക്കിയത്. ഈ തെളിവുകൾ സാക്ഷിമൊഴിയോ, രേഖകളോ, സാഹചര്യത്തെളിവുകളോ ആകാം. അങ്ങനെ പ്രാഥമിക തെളിവ് ലഭിച്ചാൽ മാത്രമേ തെളിയിക്കാനുള്ള ബാധ്യത ഭർത്താവിന്റെ ഭാഗത്തേക്ക് മാറുകയുള്ളൂ. ആ സമയത്ത് ഭർത്താവ് സ്വർണം തിരികെ നൽകിയോ, അല്ലെങ്കിൽ ഭാര്യയുടെ സമ്മതത്തോടെയോ അവളുടെ ആവശ്യത്തിനായോ ഉപയോഗിച്ചതാണോ എന്ന് തെളിയിക്കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ പല കേസുകളിലും, ‘വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ സ്വർണം സുരക്ഷയ്ക്കായി ഭർത്താവിനെയോ അമ്മായിയമ്മയെയോ ഏല്‍പ്പിക്കുന്നത് പതിവാണ്’ എന്ന പൊതുധാരണയെ ആശ്രയിച്ച് വിധികൾ വന്നിട്ടുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത് എല്ലാ കുടുംബങ്ങൾക്കും ബാധകമായ പൊതുനിയമമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇന്ന് നിരവധി സ്ത്രീകൾ വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയവരാണ്. അവർ വിവാഹശേഷം സ്വന്തം സ്വർണത്തിന്റെയും സ്വത്തിന്റെയും നിയന്ത്രണം സ്വയം നിലനിർത്തുന്ന സാഹചര്യമാണുള്ളത്. അതുകൊണ്ട് പഴയ സാമൂഹിക ധാരണകളെ മാത്രം ആശ്രയിച്ച് വിധി പറയാനാവില്ല. ഓരോ കേസിലും ലഭ്യമായ തെളിവുകൾ മാത്രം അടിസ്ഥാനമാക്കണം എന്നാണ് ജസ്റ്റിസുമാരായ ഡോ.എ.കെ.ജയശങ്കരൻ നമ്പ്യാർ, എ.കെ.പ്രീത എന്നിവരുടെ ഡിവിഷൻ ബെഞ്ചിന്റെ നിർണായക നിരീക്ഷണം.

കേസില്‍ വിവാഹത്തിന് ചിലവായ 6.89 ലക്ഷം രൂപയും ഭാര്യയ്ക്ക് നൽകാൻ കുടുംബ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിവാഹച്ചെലവിന്റെ കാര്യത്തിൽ കുടുംബകോടതിയുടെ സമീപനം നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹച്ചെലവ് ഇരുകുടുംബങ്ങളും സ്വമേധയാ വഹിക്കുന്നതാണ്. വിവാഹം ആഡംബരപൂർണമായി നടത്തണമോയെന്നത് ഓരോ കുടുംബത്തിന്റെയും തീരുമാനമാണ്. വിവാഹബന്ധം പിന്നീട് വേർപിരിഞ്ഞുവെന്ന കാരണത്താൽ ഒരു വിഭാഗത്തിന്റെ ചെലവ് മറ്റേ വിഭാഗത്തെക്കൊണ്ട് തിരിച്ചടപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ENGLISH SUMMARY:

The Kerala High Court has ruled that a wife must present credible evidence, such as testimonies, documents, or circumstantial proof, to show that her wedding gold or money was entrusted to her husband or his family. A Division Bench comprising Justice Dr. A.K. Jayasankaran Nambiar and Justice A.K. Preetha modified a Muvattupuzha Family Court order, stating that courts can no longer rely on the outdated social assumption that a woman automatically hands over her gold to her in-laws for safekeeping. Highlighting that many modern women are educated, financially independent, and manage their own assets, the High Court ordered the husband to return only the specific 30 sovereigns of gold and ₹5 lakh that were proven to be pledged. Furthermore, the Court rejected the claim for wedding expenses, ruling that voluntary lifestyle expenses borne by one family during marriage celebrations cannot be legally recovered from the other party upon divorce.