court-ai

AI Generated Image

TOPICS COVERED

ഡൽഹി ഹൈക്കോടതിയിൽ നടന്ന ഓൺലൈൻ വാദത്തിനിടെ സ്‌ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ നടന്ന വിഡിയോ കോൺഫറൻസിനിടെയാണ് ഒന്നിലധികം തവണ അശ്ലീല ദൃശ്യങ്ങൾ സ്‌ക്രീനിൽ വന്നത്. സംഭവത്തെത്തുടർന്ന് കോടതിയുടെ ഓൺലൈൻ വാദം അധികൃതർ നിർത്തിവെച്ചു.

വാദം കേൾക്കുന്നതിനിടെ ഉണ്ടായ തടസങ്ങൾ മൂലം കോടതി നടപടികൾ രണ്ടുതവണ നിർത്തിവെക്കേണ്ടതായി വന്നു. ആദ്യതവണ തടസമുണ്ടായപ്പോൾ സിസ്റ്റം റീസ്റ്റാർട്ട് ചെയ്ത് നടപടികൾ പുനരാരംഭിച്ചെങ്കിലും, രണ്ടാമതും ഇത് ആവർത്തിച്ചതോടെ വെർച്വൽ കോടതി സംവിധാനം പൂർണമായും നിർത്തിവെക്കുകയായിരുന്നു. 

അശ്ലീല വീഡിയോ പ്രദർശിപ്പിച്ച അക്കൗണ്ടിൽനിന്ന് ആദ്യം 'നിങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നു' എന്ന സന്ദേശമാണ് ആദ്യം പ്രദർശിപ്പിക്കപ്പെട്ടത്. പിന്നാലെ അശ്ലീല വിഡിയോ പ്ലേ ആയി. ഇതേ കാര്യം ആവർത്തിച്ച് ഒരു ഓട്ടോമേറ്റഡ് ശബ്ദവും കേൾക്കാമായിരുന്നു. 'ഇത് അമേരിക്കയിൽ നിന്നുള്ള ഒരു ഹാക്കിങ് ആണ്. മീറ്റിങ് ഇപ്പോൾ നിർത്തൂ. ഇനി ഒരിക്കലും ഇത് ഓൺ ചെയ്യരുത്. നിങ്ങളെ ഹാക്ക് ചെയ്തിട്ടുണ്ട്' എന്നായിരുന്നു ശബ്ദ സന്ദേശം.

ഏതെങ്കിലും ഉപയോക്താവ് വെർച്വൽ ഹിയറിങ് ഹാക്ക് ചെയ്ത് ലോഗിൻ ചെയ്തതാകാം. ഹൈക്കോടതിയുടെ വീഡിയോ കോൺഫറൻസിങ് ഇന്റർഫേസിനെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. ശ്രീധർ സർനോബത്, ഷിത്ജീത് സിങ് എന്നീ പേരുകളിലുള്ള അക്കൗണ്ടുകളിൽനിന്നാണ് അശ്ലീല വീഡിയോ പ്രദർശിപ്പിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

ENGLISH SUMMARY:

Delhi High Court online hearing was disrupted by obscene visuals displayed on the screen, causing significant interruption to judicial proceedings and raising concerns about cybersecurity in virtual court sessions.