വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്ന തെറ്റായ വിവരങ്ങളെയും വ്യാജ‍പ്രചാരണങ്ങളെയും 'വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി' വിവരങ്ങളെന്ന് പരിഹാസ രൂപേണ നാം പറയാറുണ്ട്. 'വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റി'യില്‍നിന്നുള്ള വിവരങ്ങള്‍ വേണ്ടെന്ന് ഇന്ന് സുപ്രീം കോടതിയും പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധന റഫറന്‍സിലെ വാദത്തിനിടെയാണ് പരാമര്‍ശം. 'വാട്ട്‌സ്ആപ്പ് സർവകലാശാല'യിൽ നിന്നുള്ള വിവരങ്ങൾ സ്വീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്നയാണ് പറഞ്ഞത്. ഉറവിടം ഏതായാലും അറിവും ജ്ഞാനവും സ്വീകരിക്കുന്നതിൽ ദോഷവുമില്ലെന്ന് മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വാദത്തിനിടെ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ജസ്റ്റിസ് നാഗരത്നയുടെ പരാമര്‍ശം.

മതപരമായ കാര്യങ്ങളിൽ കോടതി ഇടപെടല്‍ വേണമെന്ന് ശശി തരൂർ എംപി ഒരു പത്രത്തിൽ എഴുതിയ ലേഖനത്തില്‍ അഭിപ്രായപ്പെട്ടതായി കൗൾ ചൂണ്ടിക്കാട്ടി. എല്ലാ എഴുത്തുകാരെയും ചിന്തകരെയും കോടതി ബഹുമാനിക്കുന്നുണ്ടെങ്കിലും, ലേഖനം വ്യക്തിപരമായ അഭിപ്രായമായി മാത്രമേ കാണാനാകൂ എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്‍റെ പ്രതികരണം. എല്ലാ ഉറവിടങ്ങളിൽനിന്നും വിവരങ്ങള്‍ എടുക്കുന്നതിൽ ഒരു ദോഷവുമില്ല. ഏതെങ്കിലും ഉറവിടത്തിൽനിന്നും, ഏതെങ്കിലും രാജ്യത്ത്നിന്നും, ഏതെങ്കിലും സർവകലാശാലയിൽനിന്നും അറിവും ജ്ഞാനവും വരുന്നുണ്ടെങ്കിൽ അവയെ സ്വാഗതം ചെയ്യണമെന്ന് കൗള്‍. പക്ഷേ വാട്ട്‌സ്ആപ്പ് സർവകലാശാലയിൽനിന്ന് വേണ്ട" എന്നായിരുന്നു ഈ സമയം ജസ്റ്റിസ് നാഗരത്നയുടെ പ്രതികരണം. "ഞാൻ അതിലേക്ക് കടക്കുന്നില്ല.

ഏത് സർവകലാശാലയാണ് നല്ലത്, ചീത്ത എന്നതിനെക്കുറിച്ച് ഞാൻ പറയുന്നില്ല. അതിവിടെ പ്രസക്തമല്ല. അറിവും വിവരങ്ങളും എവിടെനിന്ന് വന്നാലും അവ അംഗീകരിക്കപ്പെടണം എന്നതാണ് പ്രധാന കാര്യം' കൗൾ വീണ്ടും മറുപടി നൽകി. റഫറന്‍സില്‍ ദാവൂദി ബോറ സമുദായ മേധാവിക്കുവേണ്ടിയാണ് മുതിർന്ന അഭിഭാഷകൻ നീരജ് കിഷൻ കൗൾ വാദിച്ചത്.

ENGLISH SUMMARY:

WhatsApp University information is unreliable and the Supreme Court has now officially stated that information from 'WhatsApp University' should not be accepted. This statement was made during the hearing regarding the review petition of the Sabarimala temple entry verdict.