സ്വവംശ വിവാഹ രീതി പാലിക്കാത്തവരെ സമുദായത്തിൽ നിന്ന് പുറത്താക്കുന്ന ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നടപടിക്കെതിരെ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിച്ചാൽ സഭയിലെ അംഗത്വം നഷ്ടമാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്നാനായ സമുദായത്തിന്റെ സ്വത്വവും പാരമ്പര്യവും സംരക്ഷിക്കാനാണ് ആചാരം പിന്തുടരുന്നതെന്ന കോട്ടയം രൂപതയുടെ വാദം കോടതി അംഗീകരിച്ചില്ല

 

സ്വവംശ വിവാഹ രീതി പാലിക്കാത്തതിന്റെ പേരിൽ അംഗങ്ങളെ പുറത്താക്കുന്ന ക്നാനായ സഭയുടെ നടപടിക്ക് നിയമപരമായ നിലനിൽപ്പില്ലെന്ന് നേരത്തെ കോട്ടയം അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടിരുന്നു. ക്നാനായ കത്തോലിക്ക നവീകരണ സമിതി അടക്കമുള്ളവരുടെ ഹർജിയിലായിരുന്നു ഉത്തരവ്. ഇതിനെതിരെ കോട്ടയം രൂപത നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിർണായക വിധി. 

 

ക്നാനായ സഭയിലെ അംഗത്വം ജനനം വഴിയാണ് ലഭിക്കുന്നതെന്ന് കോടതി പറഞ്ഞു. ഒരാൾ തന്റെ ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് മറ്റൊരു കത്തോലിക്കനെ വിവാഹം കഴിക്കുമ്പോൾ, ജനനം വഴി ലഭിച്ച ആ അംഗത്വം റദ്ദാക്കാൻ സഭയ്ക്ക് അധികാരമില്ല. ക്നാനായ കത്തോലിക്കരും മറ്റ് കത്തോലിക്കരും പിന്തുടരുന്ന വിശ്വാസങ്ങളും പ്രാർഥനകളും കൂദാശകളും ഒരുപോലെയാണ്. സ്വവംശ വിവാഹ രീതി മതപരമായ നിയമമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും, അത് കീഴ്‌വഴക്കം മാത്രമാണെന്നുമുള്ള വത്തിക്കാന്റെ നിലപാടും ജസ്റ്റിസ് എസ്. ഈശ്വരന്റെ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

സമുദായത്തിന് പുറത്തുള്ള കത്തോലിക്കരെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അംഗങ്ങൾക്ക് വിവാഹ കൂദാശകൾ നൽകണമെന്ന് ഇടവക വികാരിമാർക്ക് കോടതി നിർദ്ദേശം നൽകി. സ്വവംശ വിവാഹ നിയമം ലംഘിച്ചതിന്റെ പേരിൽ മുൻപ് പുറത്താക്കപ്പെട്ടവർക്ക് അംഗത്വം തിരിച്ചുനൽകണം. വ്യക്തിസ്വാതന്ത്ര്യത്തെയും സമത്വത്തെയും ലംഘിക്കുന്ന തരത്തിലുള്ള ഒരാചാരത്തിനും നിയമപരമായ സംരക്ഷണം നൽകാനാവില്ലെന്നും കോടതി ഓർമിപ്പിച്ചു.

ENGLISH SUMMARY:

Kerala High Court has ruled that Catholics marrying outside their community will not lose their church membership, impacting the Knanaya Catholic community's traditions. This significant verdict upholds religious freedom and civil rights, stating that birthright membership cannot be revoked by the church for choosing a partner outside the community.