Image: Instagram,Bellamkondasaisreenivas
നടന്‍ ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യ റെഡ്ഡിയും വിവാഹിതരായി. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തില്‍വച്ച് പരമ്പരാഗത രീതിയിലാണ് ചടങ്ങുകള്‍ നടന്നത്. വിവാഹത്തിനായി കുടുംബത്തോടൊപ്പം തിരുപ്പതിയിലെത്തിയ നടനെ സ്വീകരിക്കാനായി ആരാധകര്‍ റെനിഗുണ്ട വിമാനത്താവളത്തിൽ എത്തിച്ചേര്‍ന്നിരുന്നു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചില പ്രമുഖരും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്നലെ രാത്രി 11.13ന് ആയിരുന്നു മുഹൂര്‍ത്തം. പരമ്പരാഗത ചടങ്ങുകളെല്ലാം ഉള്‍പ്പെടുത്തിയായിരുന്നു വിവാഹം നടത്തിയത്. സിനിമ, രാഷ്ട്രീയ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമർക്കയും ദമ്പതികളെ അനുഗ്രഹിക്കാനെത്തിയിരുന്നു. അര്‍ധരാത്രിയിലെ വിവാഹച്ചടങ്ങുകള്‍ക്ക് പിന്നാലെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. കഴിഞ്ഞ മാസമാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിച്ചത്.
ശ്രീനിവാസ് തന്നെ വിവാഹച്ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ‘എന്റെ കാവ്യമ്മയ്ക്ക്, ജീവിതത്തില്‍ ഓരോ കാര്യത്തിനും അതിന്റേതായ സമയമുണ്ട്, അത് നിന്നെ എന്റെ ലോകത്തെത്തിച്ചു, എനിക്കൊപ്പം വന്നതിനും വിശ്വസിച്ചതിനും എന്റെ ദിവസങ്ങളില്‍ പുഞ്ചിരിയും പോസിറ്റിവിറ്റിയും നിറച്ചതിനും നന്ദി, നിന്റെ മുഖത്തെ പുഞ്ചിരി മങ്ങില്ലെന്ന് ഞാന്‍ ഉറപ്പു തരുന്നു, സ്നേഹത്തോടെ നിന്റെ ശ്രീനി’– ഇതായിരുന്നു ശ്രീനിവാസ് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.