ഉന്നാവ് അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണത്തില്‍ പ്രതിയായ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാറിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. മുന്‍ ചെയ്തികള്‍ കണക്കിലെടുത്താണ് നടപടിയെന്ന് കോടതി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യവും തള്ളി. സെൻഗറിനു ജാമ്യം അനുവദിച്ച ഹൈക്കോടതി ജഡ്ജിമാർക്കെതിരെ കുടുംബം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു
ഉന്നാവ്: ക്രൂരതയുടെ നാൾവഴി
2017 ജൂൺ: യുപിയിലെ ഉന്നാവിൽ മകളെ കാണാനില്ലെന്ന പരാതിയുമായി അച്ഛൻ പൊലീസിനെ സമീപിച്ചു. ക്രൂരപീഡനത്തിനിരയായ മകളെയാണു പൊലീസ് തിരിച്ചുനൽകിയത്. കാറിനുള്ളിൽ തുടർച്ചയായി പീഡിപ്പിക്കപ്പെട്ടെന്നായിരുന്നു കേസ്. മൊഴിയിൽ അവൾ സ്ഥലം എംഎൽഎ കുൽദീപ് സിങ് സെൻഗറിന്റെ പേരും പറഞ്ഞു. സെൻഗറാണ് ആദ്യം പീഡിപ്പിച്ചതെന്ന വിവരം അവഗണിച്ച പൊലീസ് സെൻഗറിനെ രക്ഷിക്കാൻ ശ്രമിച്ചു. അങ്കണവാടിയിൽ ജോലി നൽകാമെന്നു വാഗ്ദാനം നൽകി ജൂൺ 4ന് എംഎൽഎ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എംഎൽഎയുടെ അടുത്തെത്തിച്ച സ്ത്രീയുടെ മകനും സുഹൃത്തുക്കളുമാണ് പിന്നീടു കൂട്ടപ്പീഡനത്തിന് ഇരയാക്കിയത്. 60,000 രൂപയ്ക്കു മറ്റൊരാൾക്കു വിറ്റെന്നും മൊഴി നൽകി.
2018 ഏപ്രിൽ: പെൺകുട്ടിയുടെ പിതാവിനെ പൊലീസും എംഎൽഎയുടെ സഹോദരന്മാരും ക്രൂരമായി മർദിച്ചു. കസ്റ്റഡിയിൽ ചികിത്സയ്ക്കിടെ പിതാവ് മരിച്ചു. പെൺകുട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ചതോടെ സംഭവം വിവാദമായി. തുടർന്നു പ്രതികൾ അറസ്റ്റിലായി.
2018 ജൂലൈ: അതിജീവിതയും കുടുംബവും സഞ്ചരിച്ച കാറിൽ ലോറിയിടിച്ച് പീഡനക്കേസിലെ സാക്ഷിയടക്കം 2 ബന്ധുക്കൾ കൊല്ലപ്പെട്ടു. പെൺകുട്ടിക്കു ഗുരുതര പരുക്ക്. ഉന്നാവ് പീഡനക്കേസുമായി ബന്ധപ്പെട്ടുണ്ടായത് 4 ദുരൂഹമരണങ്ങൾ.
2019 ഓഗസ്റ്റ്: ഉന്നാവ് പീഡനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ഉത്തർപ്രദേശിൽനിന്നു ഡൽഹിയിലേക്കു മാറ്റാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു.
2019 ഡിസംബർ: കേസിൽ സെൻഗർ കുറ്റക്കാരനെന്നു ഡൽഹി സിബിഐ സ്പെഷൽ കോടതി വിധിച്ചു. ആജീവനാന്ത തടവും 25 ലക്ഷം രൂപ പിഴയും ശിക്ഷ.
2025 ഡിസംബർ 23: സെൻഗർ നൽകിയ അപ്പീലിൽ ഡൽഹി ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിച്ചു, ജാമ്യം അനുവദിച്ചു.