ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിനും ഷെർജീൽ ഇമാമിനും ജാമ്യമില്ല. ഇരു പ്രതികൾക്കെതിരായ കുറ്റം പ്രഥമദൃഷ്ട്യ നിലനിൽക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. 12 കർശന ഉപാധികളോടെ കേസിലെ മറ്റ് 5 പ്രതികൾക്ക് കോടതി ജാമ്യം നൽകി. ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും പങ്ക് തെളിയിക്കുന്ന മതിയായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്.
കലാപം പെട്ടെന്നുണ്ടായതല്ല, കൃത്യമായ ആസൂത്രണത്തോടെ നടത്തിയതാണ്. ഇരുവർക്കുമെതിരെ ഭീകരവാദ ആക്റ്റ്‌പ്ര കാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കുമെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണെന്നും ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ മറ്റ് അഞ്ച് പ്രതികൾക്ക് ജാമ്യം നൽകുന്നത് കുറ്റകൃത്യത്തിന്റെ ഗൗരവം ഇല്ലാതാക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മീര ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷാദാബ് അഹമ്മദ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. 12 കർശന ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥ പാലിച്ചില്ലെങ്കില്‍ വിചാരണക്കോടതിക്ക് ജാമ്യം റദ്ദാക്കാമെന്നും വിചാരണ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി.
ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. ഷർജീൽ ഇമാമിന്റെ പ്രസംഗങ്ങൾ മറ്റു പ്രതികൾക്കെതിരെയും തെളിവായി ഉപയോഗിക്കാൻ സാധിക്കുമെന്ന് കോടതിയിൽ ഡൽഹി പൊലീസ് വാദിച്ചിരുന്നു.