ഡൽഹി കലാപ ഗൂഢാലോചനക്കേസിൽ കഴിഞ്ഞ അഞ്ച് വർഷമായി ജയിലിൽ കഴിയുകയായിരുന്ന ജെഎൻയു മുൻ വിദ്യാർത്ഥി ഉമർ ഖാലിദിന് ഇടക്കാല ജാമ്യം ലഭിച്ചു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഡിസംബർ 16 മുതൽ 29 വരെ ഡൽഹി കോടതി വ്യാഴാഴ്ച ഇടക്കാല ജാമ്യം. 2020-ലെ ഡൽഹി കലാപത്തിന് പിന്നിലെ വലിയ ഗൂഢാലോചനാ കേസിൽ പ്രതിയായ ഖാലിദിന് അഡീഷണൽ സെഷൻസ് ജഡ്ജ് സമീർ ബാജ്‌പേയ് ആണ് ഇടക്കാല ആശ്വാസം അനുവദിച്ചത്.

20,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവും ഹാജരാക്കാൻ പ്രതിയോട് നിർദ്ദേശിച്ചു. "ഇടക്കാല ജാമ്യ കാലയളവിൽ അപേക്ഷകൻ സോഷ്യൽ മീഡിയ ഉപയോഗിക്കരുത്," എന്ന് കോടതി നിര്‍ദേശിച്ചു. "കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ കാണാവൂ" എന്നും നിർദ്ദേശിച്ചിട്ടുണ്ട്.

ഖാലിദ് വീട്ടിലോ, അല്ലെങ്കിൽ വിവാഹ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലോ മാത്രമേ തങ്ങാവൂ എന്നും കോടതി വ്യക്തമാക്കി. പ്രതി ഒരു സാക്ഷിയെയും ബന്ധപ്പെടരുത്, അന്വേഷണ ഉദ്യോഗസ്ഥന് തന്റെ മൊബൈൽ ഫോൺ നമ്പർ നൽകണം എന്നിവയാണ് മറ്റ് വ്യവസ്ഥകൾ.

ഡിസംബർ 29-ന് വൈകുന്നേരം ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങാൻ ഖാലിദിനോട് കോടതി നിർദ്ദേശിച്ചു. കഴിഞ്ഞ വർഷം മറ്റൊരു വിവാഹത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് ഏഴ് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ENGLISH SUMMARY:

Umar Khalid secured interim bail in the Delhi Riots case after five years of imprisonment. The JNU student can attend his sister's wedding from December 16 to 29 but must adhere to court restrictions, including limited social media use.