രാജ്യത്തെ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്. തട്ടിപ്പുകളില്‍ ബാങ്കര്‍മാരുടെ പങ്കുള്‍പ്പെടെ അന്വേഷിക്കാന്‍ കോടതി സി.ബി.ഐക്ക് സ്വതന്ത്ര്യ അധികാരം നല്‍കി. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ണായക ഉത്തരവ്. തട്ടിപ്പുകൾക്കായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിലാണ് ബാങ്കർമാരുടെ പങ്ക് അന്വേഷിക്കുക.
ഐ.ടി അധികൃതര്‍ സിബിഐയുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എല്ലാ സംസ്ഥാനങ്ങളും സിബിഐ അന്വേഷണത്തിന് അനുമതി നൽകണം, ഇന്ത്യ മുഴുവൻ സമഗ്രമായ നടപടിയെടുക്കണം. രാജ്യാന്തര അന്വേഷണത്തിനായി സിബിഐക്ക് ഇന്റർപോൾ സഹായവും തേടാം. സംശയാസ്പദമായ അക്കൗണ്ടുകൾ തിരിച്ചറിയാനും മരവിപ്പിക്കാനും നിര്‍മിത ബുദ്ധി ഉപയോഗിക്കാനാവുമോ എന്നതില്‍ കോടതി ആര്‍.ബി.ഐയുടെ സഹായം തേടി.
തട്ടിപ്പുകാര്‍ സിം കാർഡുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ടെലികോം കമ്പനികള്‍ക്ക് ടെലികോം വകുപ്പ് മാര്‍ഗ നിർദ്ദേശം നല്‍കണം. സംസ്ഥാനങ്ങൾ സൈബർ കുറ്റകൃത്യ കേന്ദ്രങ്ങൾ വേഗത്തിൽ സ്ഥാപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.