Image Credit:ANI
ലോക്സഭ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് എംപിയുമായ രാഹുല്‍ ഗാന്ധി, വി.ഡി.സവര്‍ക്കറെ അപമാനിച്ചെന്ന് ആരോപിക്കപ്പെട്ട് സമര്‍പ്പിച്ച മാനനഷ്ടക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ തെളിവായി രാഹുലിന്‍റെ പ്രസംഗമെന്ന പേരില്‍ ഹാജരാക്കിയ സിഡിയാണ് ശൂന്യമെന്ന് കണ്ടെത്തിയത്. പൂണെ എംപി/എംഎല്‍എ സ്പെഷല്‍ കോര്‍ട്ടിലാണ് നാടകീയ സംഭവങ്ങള്‍. ലണ്ടനില്‍ രാഹുല്‍ നടത്തിയ പ്രസംഗത്തിനിടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് സവര്‍ക്കറുടെ കൊച്ചുമകനായ സത്യകി സവര്‍ക്കറാണ് കോടതിയെ സമീപിച്ചിരുന്നത്.
തെളിവായി സീല്‍ ചെയ്ത കവറില്‍ ഹാജരാക്കിയ സിഡി കോടതി തുറന്ന് പ്ലേ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ശൂന്യമെന്നും സിഡിയില്‍ ഒരു വിവരവുമില്ലെന്നും കണ്ടെത്തിയത്. എന്നാല്‍ തെളിവുണ്ടായിരുന്നതാണെന്നും കോടതി നേരത്തെ കണ്ടതാണെന്നുമാണ് സത്യകിയുടെ അഭിഭാഷകന്‍ സാങ്റാം അവകാശപ്പെടുന്നത്. സംശയമുണ്ടെങ്കില്‍ യൂട്യൂബില്‍ ഇപ്പോഴും പ്രസംഗമുണ്ടെന്നും കോടതിക്ക് കേട്ടുനോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഈ വാദത്തെ രാഹുലിന്‍റെ അഭിഭാഷകനായ മിലിന്ദ് ദത്താത്രേയ പവാര്‍ എതിര്‍ത്തു. അത്തരം ഓണ്‍ലൈന്‍ ഉള്ളടക്കങ്ങള്‍ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വാദം മജിസ്ട്രേറ്റും ശരിവച്ചു.
വിഡിയോ യുആര്‍എല്‍ തെളിവായി സ്വീകരിക്കാന്‍ ഇന്ത്യന്‍ എവിഡന്‍സ് ആക്ടിന്‍റെ 65–B വകുപ്പ് അനുസരിച്ച് സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ രണ്ട് സിഡികളില്‍ വീണ്ടും പ്രസംഗം അഭിഭാഷകന്‍ റൈറ്റ് ചെയ്ത് എത്തിച്ചു. എന്നാല്‍ ഇത് കോടതി സ്വീകരിച്ചില്ല. മുന്‍പ് തെളിവുകളടങ്ങുന്ന ദൃശ്യങ്ങളുണ്ടായിരുന്ന സിഡി അപ്രത്യക്ഷമായതെങ്ങനെയെന്ന് കോടതി കണ്ടെത്തണമെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നുമായിരുന്നു സത്യകിയുടെ അഭിഭാഷകന്‍റെ വാദം.