റെയില്‍വേയുടെ വെബ്സൈറ്റിലോ മൊബൈല്‍ ആപ്പുകളിലോ ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നമുക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ തിരഞ്ഞെടുക്കാനാകും. എന്നാല്‍ റെയില്‍വേ സ്റ്റേഷനിലോ ജന്‍സാധാരണ്‍ കൗണ്ടറുകളിലോ പോയി നേരിട്ട് ടിക്കറ്റ് എടുക്കുകയാണെങ്കില്‍ ഇന്‍ഷുറന്‍‌സിന് ഓപ്ഷനുമില്ല, ഇന്‍ഷുറന്‍സുമില്ല. ഈ വിവേചനത്തിന് കാരണമെന്താണെന്ന് ചോദിക്കുന്നത് യാത്രക്കാര്‍ മാത്രമല്ല, സുപ്രീം കോടതിതന്നെ റെയില്‍വേയോട് മറുപടി ആവശ്യപ്പെട്ടിരിക്കുന്നു.

'ഓണ്‍ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നു, ഓഫ്‌ലൈനായി ടിക്കറ്റെടുക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍‌സ് പരിരക്ഷ നല്‍കുന്നില്ലെന്നാണ് അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയത്. ടിക്കറ്റ് വാങ്ങുന്നതിലെ രണ്ട് രീതികൾ തമ്മില്‍ ഈ വ്യത്യാസത്തിന് കാരണമെന്താണെന്ന് വിശദീകരിക്കണം' റെയില്‍വേയോട് കോടതി ആവശ്യപ്പെട്ടു. റെയിൽവേ സുരക്ഷാ ആശങ്കകളെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് അഹ്സനുദ്ദീൻ അമാനുള്ളയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനുമുള്‍പ്പെടുന്ന ബെഞ്ചാണ് റെയില്‍വേയോട് വിശദീകരണം ആവശ്യപ്പെട്ടത്.

റെയിൽവേ പാതകളിലെയും റെയിൽവേ ക്രോസിങുകളുടെയും സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും കോടതി നിർദ്ദേശിച്ചു. പ്രാഥമിക ഘട്ടത്തിൽ, ട്രാക്കുകളുടെയും ക്രോസിങു കളുടെയും സുരക്ഷയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്, അതിൽനിന്ന് മറ്റ് അനുബന്ധവശങ്ങൾ ഉയർന്നുവരുമെന്നും കോടതി നിരീക്ഷിച്ചു.

സുരക്ഷ സംബന്ധിച്ച് റെയില്‍വേ നല്‍കിയ റിപ്പോര്‍ട്ട് കോടതി പരിശോധിച്ചു. റിപ്പോര്‍ട്ടില്‍ നിരവധി പ്രശ്നങ്ങൾ വിവരിച്ചിട്ടുണ്ട്. സംവിധാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി തീരുമാനങ്ങളെടുക്കാന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കുമെന്ന് റെയിൽവേയ്ക്കായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി വ്യക്തമാക്കി. സുരക്ഷ മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ റെയിൽവേയ്ക്ക് തുടരാമെന്ന് കോടതി പറഞ്ഞു.

ട്രാക്ക്, ക്രോസിങ് സുരക്ഷയെക്കുറിച്ച് അധിക സത്യവാങ്മൂലം നല്‍കാനും ഇൻഷുറൻസ് പരിരക്ഷയില്‍ പ്രതികരിക്കാനും കോടതിനിർദ്ദേശിച്ചു. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി 2026 ജനുവരി 13-ലേക്ക് മാറ്റി. സുരക്ഷ സംബന്ധിച്ച ആശങ്കകൾ ഉടനടി പരിഹരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുപ്രീം കോടതി നേരത്തെ റെയിൽവേയോട് ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

Railway insurance discrepancies are being addressed. The Supreme Court has questioned the differential insurance coverage for online versus offline railway ticket purchases, demanding an explanation from the Railway authorities.