• സുപ്രീംകോടതി ചരിത്രവിധി പ്രഖ്യാപിച്ചത് ഏപ്രില്‍ എട്ടിന്
  • പാര്‍ലമെന്‍റിന്‍റെ അധികാരത്തിന് മേലുള്ള കൈകടത്തലെന്ന് കേന്ദ്രസര്‍ക്കാര്‍
  • രാഷ്ട്രപതിയുടെ റഫറന്‍സില്‍ 14 ചോദ്യങ്ങള്‍

നിയമസഭയും പാര്‍ലമെന്‍റും പാസാക്കിയ ബില്ലുകള്‍ ഒപ്പുവയ്ക്കുന്നതിന് ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധി നിലനില്‍ക്കുമോ? രണ്ടംഗബെഞ്ചിന്‍റെ വിധിക്കെതിരെ രാഷ്ട്രപതി നല്‍കിയ റഫറന്‍സില്‍ ഭരണഘടനാബഞ്ച് ഇന്ന് തീരുമാനമെടുക്കും. ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ്, നിയുക്ത ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് എ.എസ്.ചന്ദുര്‍ക്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് റഫറന്‍സ് പരിഗണിച്ചത്. 

തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ ഗവര്‍ണര്‍ മാസങ്ങളോളം ഒപ്പിടാതെ വച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി ചരിത്രം കുറിച്ച വിധി പ്രസ്താവിച്ചത്. കഴിഞ്ഞ ഏപ്രില്‍ എട്ടിനായിരുന്നു ഇത്. തമിഴ്നാട് ബില്ലുകള്‍ അംഗീകരിക്കപ്പെട്ടതായി വിധിച്ച കോടതി നിയമസഭയും പാര്‍ലമെന്‍റും പാസാക്കുന്ന ബില്ലുകള്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിന് സമയപരിധി നിശ്ചയിക്കുകയും ചെയ്തു. ജസ്റ്റിസ് ജെ.ബി.പര്‍ദിവാല, ജസ്റ്റിസ് ആര്‍.മഹാദേവന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്‍റേതായിരുന്നു വിധി. 

ബിജെപി ഇതരകക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളെ വെട്ടിലാക്കാന്‍ ഗവര്‍ണമാരെ ഉപയോഗിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തന്ത്രത്തിന് കനത്ത തിരിച്ചടിയായിരുന്നു സുപ്രീംകോടതി വിധി. വിശദമായ വിധിക്കെതിരെ പുനപരിശോധനാഹര്‍ജിയോ തിരുത്തല്‍ ഹര്‍ജിയോ നല്‍കിയാല്‍ ഉദ്ദേശിക്കുന്ന ഫലമുണ്ടാകില്ലെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ റഫറന്‍സിന്‍റെ വഴി തേടാന്‍ കേന്ദ്രം തീരുമാനിച്ചത്. 14 ചോദ്യങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു രാഷ്ട്രപതിയുടെ റഫറന്‍സ്.

10 ദിവസം ഭരണഘടനാബെഞ്ച് രാഷ്ട്രപതിയുടെ റഫറന്‍സില്‍ വാദം കേട്ടു. സുപ്രീംകോടതി വിധി ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും വാദിച്ചത്. സുപ്രീംകോടതി തീരുമാനം പാര്‍ലമെന്‍റിന്‍റെ അധികാരത്തിന്മേലുള്ള കൈകടത്തലാണെന്നും ഉന്നത ഭരണഘടനാസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലുള്ള ഇടപെടലുമാണെന്ന് കേന്ദ്രം നിലപാടെടുത്തു. അനുച്ഛേദം 200, 201 എന്നിവ ഗവര്‍ണറെ ചുമതലപ്പെടുത്തിയിട്ടുള്ള ജോലി (ബില്ലുകള്‍ അംഗീകരിക്കലും നിരസിക്കലും) സുപ്രീംകോടതിക്ക് ഏറ്റെടുക്കാനാവില്ലെന്നും അവര്‍ വാദിച്ചു. ബില്ലുകള്‍ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാന്‍ സമയപരിധി വയ്ക്കുന്നത് ഭരണഘടന നിര്‍വചിക്കുന്ന അധികാരപരിധി ലംഘിക്കലാണെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

തമിഴ്നാടിന് പുറമേ കേരളം, ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. സുപ്രീംകോടതി വിധി പറഞ്ഞ നിയമപ്രശ്നങ്ങളില്‍ രാഷ്ട്രപതി വിശദീകരണം ചോദിക്കുന്നതിന്‍റെ നിയമപരമായ നിലനില്‍പ്പാണ് ഈ സംസ്ഥാനങ്ങള്‍ ചോദ്യംചെയ്തത്. മഹാരാഷ്ട, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങള്‍ റഫറന്‍സിനെ അനുകൂലിച്ചും നിലപാടെടുത്തു. ഇന്ത്യയിലെ ഏറ്റവും പ്രഗല്‍ഭരായ നിയമജ്ഞരാണ് ഓരോ കക്ഷിക്കും വേണ്ടി ഹാജരായത്. 

ENGLISH SUMMARY:

The Supreme Court's Constitution Bench, comprising the Chief Justice and four other Justices, will decide today on the President's reference questioning the SC's earlier two-judge bench verdict that set a time limit for Governors and the President to act on bills passed by the Legislature. The original ruling in April, which favored Tamil Nadu on 10 delayed bills, was deemed a severe setback to the Center's alleged strategy of using Governors against non-BJP state governments. The Attorney General argued that setting a time limit infringes upon the separation of powers and the authority defined in Articles 200 and 201. Kerala, Bengal, and Punjab are challenging the legal validity of the President's reference.