stray-dog
  • സ്​കൂളുകളും ആശുപത്രികളും പൊതുവിടങ്ങളും അടച്ചുറപ്പാക്കണം
  • തെരുവുനായകളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റണം
  • പദ്ധതി പുരോഗതി അറിയിക്കാന്‍ എട്ടാഴ്ച സമയം

തെരുവുനായ ശല്യത്തില്‍ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. റോഡില്‍ നിന്ന് തെരുവുനായ്ക്കളെയും കന്നുകാലികളെയും നീക്കണമെന്നും ഇതിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നുമാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. സ്കൂളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പബ്ലിക് സ്പോര്‍ട്സ് കോംപ്ലക്സുകള്‍, ആശുപത്രികള്‍ എന്നിവയുടെ പരിസരങ്ങള്‍ തെരുവുനായകള്‍ക്ക് കടക്കാനാവാത്ത രീതിയില്‍ സുരക്ഷിതമായി അടച്ചുറപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച ചുമതല സംസ്ഥാന സര്‍ക്കാരുകള്‍ക്കും ദേശീയപാത അതോറിറ്റിക്കും കൈമാറി. 

ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി.അന്‍ജരിയ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. 2023ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടം അനുസരിച്ച് തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കാനും വാക്സിനേഷനുകളും വന്ധ്യംകരണവും യഥാസമയം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. തെരുവുനായ ശല്യം ഒഴിവാക്കുന്നതിനുള്ള പദ്ധതികള്‍ അറിയിക്കാന്‍ എട്ടാഴ്ചത്തെ സമയവും അനുവദിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ചീഫ് സെക്രട്ടറിമാര്‍ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.  സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് ശരിയല്ലെന്ന് നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ കോടതി നിരീക്ഷിച്ചിരുന്നു.

ENGLISH SUMMARY:

The Supreme Court issued a major directive to address the stray dog menace, ordering State Governments and the National Highways Authority to remove stray dogs and cattle from roads and deploy patrol teams. The bench of Justices Vikram Nath, Sandeep Mehta, and N.V. Anjaria also mandated that schools, hospitals, bus stands, and other public complexes must be secured against the entry of stray dogs. The court stressed the need for timely vaccination and sterilization under the 2023 Animal Birth Control Rules and gave states eight weeks to submit action plans