വലിയ പ്രതീക്ഷയോടെയാണ് വിപിന്‍ കുമാര്‍ സി.ആര്‍.പി.എഫിലെ മോട്ടോർ വെഹിക്കിൾ മെക്കാനിക് തസ്തികയിലേക്കുള്ള ജോലിക്ക് അപേക്ഷിച്ച് റിക്രൂട്ട്മെന്‍റിനെത്തിയത്. പക്ഷേ നിരാശയായിരുന്നു ഫലം. ഈ ജോലി മാത്രമല്ല കേന്ദ്ര സായുധ സേനാ വിഭാഗങ്ങളിലൊന്നും തന്നെ നിയമനത്തിന് പരിഗണിക്കില്ലെന്നും വിപിന്‍ കുമാര്‍ അറിഞ്ഞു. അയോഗ്യതയ്ക്കുകാരണം വലതുകൈത്തണ്ടയിലെ ടാറ്റു.
കേന്ദ്ര സായുധ പൊലീസ് സേന വിഭാഗങ്ങളിലെ പ്രവേശന മാനദണ്ഡമനുസരിച്ച് വലതു കൈത്തണ്ടയില്‍ ടാറ്റു പതിച്ചവരെ നിയമനത്തിന് പരിഗണിക്കില്ല. ടാറ്റു ഇടതുകൈത്തണ്ടയിലാണെങ്കില്‍ അയോഗ്യതയില്ലതാനും. മാര്‍ഗനിര്‍ദേശം പുതിയതല്ലെങ്കിലും നിയമ പോരാട്ടത്തിന് തീരുമാനിച്ച വിപിന്‍ കുമാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ചോദിച്ചു – 'ഇതെന്ത് നിയമമാണ് ?' സായുധ സേനകളിലേക്കുള്ള പ്രവേശനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാർഗ്ഗനിർദ്ദേശങ്ങളുടെ നിയമസാധുതയാണ് ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തത്.
വലത് കൈത്തണ്ടയിൽ ടാറ്റൂ ഉണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം ഉദ്യോഗാര്‍ഥിയെ അയോഗ്യനാക്കാമോ ? അതേസമയം ഇടത് കൈത്തണ്ടയിൽ ടാറ്റൂ അനുവദിക്കുകയും ചെയ്യുന്ന നിയമത്തിന്‍റെ അടിസ്ഥാനമെന്താണെന്ന് ജസ്റ്റിസുമാരായ സി. ഹരിശങ്കർ, ഓം പ്രകാശ് ശുക്ല എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പരിശോധിച്ച ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചു; ''കൈത്തണ്ടയുടെ ഉൾഭാഗമടക്കം ശരീരത്തിന്റെ മറ്റിടങ്ങളില്‍ ടാറ്റൂ ഉണ്ടെങ്കിൽ അധികൃതര്‍ തെറ്റു കാണുന്നില്ല, എന്നാൽ ടാറ്റൂ ഇടത് കൈത്തണ്ടയിൽ മാത്രം മതി. വലത് കൈത്തണ്ടയിൽ പാടില്ലെന്നാണ് വ്യവസ്ഥ. ഇപ്പോഴത്തെ യുവതലമുറയെ പാശ്ചാത്യ സംസ്കാരവും ചർമ്മകലയും സ്വാധീനിച്ചതുകൊണ്ടാകാം ഈ വ്യവസ്ഥ.''
സല്യൂട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന കൈ ആയതിനാലാണ് വലതുകൈയ്യില്‍ ടാറ്റു അനുവദിക്കാത്തത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. സല്യൂട്ട് ചെയ്യാന്‍ ഉപയോഗിക്കാത്ത ഇടതുകയ്യിന്‍റെ കൈത്തണ്ടയിലോ കൈപ്പത്തിയുടെ മുകൾ ഭാഗത്തോ (dorsum of the hands) മാത്രമേ ടാറ്റു അനുവദിക്കൂ. മതപരമായ ചിഹ്നങ്ങളോ രൂപങ്ങളോ പേരുകളോ ചിത്രീകരിക്കുന്ന ടാറ്റൂകൾക്കാണ് അനുമതി. ടാറ്റൂവിന്റെ വലിപ്പം അത് പതിക്കുന്ന ശരീര ഭാഗത്തിന്റെ (കൈമുട്ട് അല്ലെങ്കിൽ കൈ) നാലിലൊന്നില്‍ (less than ¼) കുറവായിരിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. അവസരം നല്‍കുകയാണെങ്കില്‍ താന്‍ ടാറ്റൂ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ നടത്താന്‍ തയ്യാറാണെന്ന് വിപിന്‍ കുമാര്‍ കോടതിയെ അറിയിച്ചു.
ഹർജിക്കാരനെ അയോഗ്യനാക്കിയത് പ്രഥമദൃഷ്ട്യാ ചോദ്യം ചെയ്യാവുന്നതാണെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് മറുപടി ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഈ മാസം 17-ന് ഹര്‍ജി വീണ്ടും പരിഗണിക്കും.