advocate-protest

TOPICS COVERED

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെതിരെ ഒടുവില്‍ കോടതിയലക്ഷ്യ നടപടി വരുന്നു.  ക്രിമിനല്‍ കോടതിയലക്ഷ്യ നടപടിതുടങ്ങാന്‍ അറ്റോര്‍ണി ജനറല്‍ അനുമതി നല്‍കി.   അതിക്രമത്തിനുശേഷവും അഭിഭാഷകന്‍ വിദ്വേഷ പ്രസ്താവനകള്‍ തുടരുകയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.

കോടതിമുറിയില്‍ തനിക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിനെതിരെ നടപടിയൊന്നും വേണ്ടെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് നേരത്തെ നിര്‍ദേശിച്ചിരുന്നു.  അതിനാല്‍ കോടതിയലക്ഷ്യകേസോ പൊലീസ് കേസോ എടുത്തിരുന്നില്ല.  എന്നാല്‍ അഭിഭാഷക സംഘടനകള്‍ രാകേഷ് കിഷോറിനെതിരെ നടപടിയാവശ്യപ്പെട്ടിരുന്നു.  സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതിയലക്ഷ്യ നടപടി തുടങ്ങാന്‍ അറ്റോര്‍ണി ജനറല്‍ ആർ.വെങ്കിട്ടരമണി അനുമതി നല്‍കിയത്. 

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിങും സോളിസിറ്റർ ജനറൽ തുഷാർ മേത്തയുമാണ് ഇന്ന് സുപ്രീം കോടതിയില്‍ വിഷയം പരാമര്‍ശിച്ചത്.  ചീഫ് ജസ്റ്റിസുതന്നെ ഇക്കാര്യം അവഗണിക്കാന്‍ പറഞ്ഞതല്ലേയെന്നും സമയം പാഴാക്കേണ്ടതുണ്ടോയെന്നും ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ചോദിച്ചു.  വിഷയം ഗുരുതരമാണെന്നും സമൂഹ മാധ്യമങ്ങളില്‍ ചിലല്‍ രാകേഷ് കിഷോറിന്‍റെ പ്രവര്‍ത്തിയെ മഹത്വവത്കരിക്കുകയാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.  തുടര്‍ന്നാണ് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി സമ്മതിച്ചത്. ദീപാവലി അവധിക്കുശേഷം കോടതിയലക്ഷ്യ കേസ് പരിഗണിക്കും.

ENGLISH SUMMARY:

Attorney General R. Venkataramani has granted consent to initiate criminal contempt of court proceedings against lawyer Rakesh Kishore, who attempted to throw a shoe at Chief Justice B.R. Gavai. Although the CJI initially suggested ignoring the act, the Supreme Court agreed to hear the plea after the Solicitor General pointed out the lawyer's continuing hateful statements and the glorification of the act on social media. The case will be heard after the Diwali vacation.