doctor-taking-patient

‍ഡോക്ടർമാർ എഴുതി നൽകുന്ന മരുന്നു കുറിപ്പടി നിങ്ങൾക്ക് വായിച്ചെടുക്കാൻ പറ്റാറുണ്ടോ? മരുന്ന് മനസിലാക്കാനായില്ലെങ്കിലും എഴുതിയിരിക്കുന്ന അക്ഷരങ്ങളെങ്കിലും വായിക്കാനാകുമോ? ഇല്ല എന്നായിരിക്കും കൂടുതൽ പേരുടെയും മറുപടി. ഇത് കേരളത്തിലെ മാത്രം സ്ഥിതിയില്ല, ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളിലും പല ഡോക്ടർമാരും മരുന്നു കുറിക്കുന്നത് മനുഷ്യന് മനസിലാകാത്ത കയ്യക്ഷരത്തിലാണ്. ഒടുവിൽ പ്രശ്നത്തിന് മറുമരുന്നു കുറിക്കുകയാണ് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി.

രോഗികൾക്ക് വായിക്കാവുന്ന വിധത്തിൽ മരുന്നു കുറിപ്പടികൾ എഴുതണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വ്യക്തമായ മരുന്നു കുറിപ്പടി ലഭിക്കേണ്ടത് ആരോഗ്യത്തിനുള്ള മൗലികാവകാശത്തിൻ്റെ ഭാഗമാണെന്നും പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. ഒരു ഡോക്ടറുടെ കയ്യക്ഷരം മനസിലാകാതെ ഹൈക്കോടതി സ്വമേധയാ സ്വീകരിച്ച ഹർജിയിലാണ് ഈ ഉത്തരവ്.

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശത്തിൽ ആരോഗ്യത്തിനുള്ള അവകാശവും ഉൾപ്പെടുന്നു. അതിൽ രോഗനിർണയം, വ്യക്തമായ മരുന്നു കുറിപ്പടി, ചികിത്സ, മെഡിക്കൽ രേഖകൾ തുടങ്ങിയവ അറിയാനുള്ള അവകാശവും ഉൾപ്പെടുമെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജുസ്ഗുർപ്രീത് സിങ് പുരി വിശദീകരിച്ചു. കുറിപ്പടികളിൽ വ്യക്തമായ കൈയക്ഷരത്തിൽ എഴുതേണ്ടതിൻ്റെ പ്രാധാന്യം മെഡിക്കൽ കോളജുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ദേശീയ മെഡിക്കൽ കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.

ടൈപ്പ് ചെയ്തതോ, ഡിജിറ്റൽ മാർഗത്തിലോ മരുന്നു കുറിപ്പടികൾ നൽകാനുള്ള സംവിധാനങ്ങൾ തയ്യാറാകുന്നതുവരെ ഇംഗ്ലീഷ് വലിയ അക്ഷരങ്ങളിൽ കുറിപ്പടികൾ എഴുതാൻ പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ ഡോക്ടർമാരോട് ഹൈക്കോടതി നിർദ്ദേശിച്ചു. കുറിപ്പടികൾ വ്യക്തമല്ലെങ്കിൽ, അത് രോഗികളുടെ ചികിത്സയെയും ജീവൻ്റെ സുരക്ഷയെയും വരെ അപകടത്തിലാക്കും, ഡോക്ടർ നിർദ്ദേശിച്ചിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് രോഗികൾക്ക് അറിവില്ലാത്ത സ്ഥിതിയുണ്ടാകുമെന്നും കോടതി ഓർമ്മിപ്പിച്ചു.

ക്ലിനിക്കുകളും ആരോഗ്യ സ്ഥാപനങ്ങളും കമ്പ്യൂട്ടർവത്കരിക്കാൻ ഡോക്ടർമാർ ആവശ്യപ്പെടുന്ന പക്ഷം സാമ്പത്തിക സഹായം നൽകണമെന്നും ഇതിനായി സമഗ്രമായ നയം രൂപീകരിക്കണമെന്നും കോടതി സർക്കാരുകളോട് നിർദ്ദേശിച്ചു. രണ്ട് വർഷത്തിനുള്ളിൽ നടപടിക്രമം പൂർത്തിയാക്കണം. ഒരു ക്ലിക്കിൽ എല്ലാ വിവരങ്ങളും ലഭിക്കുന്ന സാങ്കേതിക പുരോഗതിയുടെ കാലത്ത് ഡിജിറ്റൽ കുറിപ്പടികൾ അനിവാര്യമാണ്. ഡോക്ടർമാരോടും മെഡിക്കൽ പ്രൊഫഷനോടും കോടതിക്ക് ഉയർന്ന ബഹുമാനവും ആദരവുമുണ്ട്. അതേസമയം, ഇന്ത്യയിലെ ജനങ്ങളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് പ്രധാനമാണെന്നും കോടതി ഓർമ്മിപ്പിച്ചു.

നേരത്തെ ഒരു മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കയ്യക്ഷര പ്രശ്നത്തിൽ കോടതി സ്വമേധയാ ഇടപെട്ടത്. ജാമ്യാപേക്ഷയുടെ ഭാഗമായി നൽകിയ മെഡിക്കോ-ലീഗൽ റിപ്പോർട്ടിലെ ഡോക്ടറുടെ കുറിപ്പടി അവ്യക്തമായിരുന്നു. കുറിപ്പടി വായിച്ചെടുക്കാനാകാതെ ഞെട്ടൽ രേഖപ്പെടുത്തിയ കോടതി പ്രശ്ന പരിഹാരത്തിന് മുൻകൈയ്യെടുത്തു. വിഷയത്തിൽ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനോട് സഹായം ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും കോടതിയിൽ ഹാജരായില്ല.

കോടതി ഉത്തരവിനെത്തുടർന്ന്, പഞ്ചാബ്, ഹരിയാന സർക്കാരുകളും ചണ്ഡീഗഢ് കേന്ദ്രഭരണ പ്രദേശവും എല്ലാ ഡോക്ടർമാരോടും വലിയ അക്ഷരങ്ങളിലോ ബോൾഡ് അക്ഷരങ്ങളിലോ കുറിപ്പടി എഴുതാൻ നിർദ്ദേശിച്ചു. ഒഡീഷ, ഉത്തരാഖണ്ഡ് ഹൈക്കോടതികൾ നേരത്തെ വ്യക്തതയുള്ള മെഡിക്കൽ കുറിപ്പടികളെഴുതാൻ സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വികലമായ കൈയക്ഷരത്തിൽ മെഡിക്കോ – ലീഗൽ റിപ്പോർട്ട് എഴുതിയ ഡോക്ടർക്ക് അലഹബാദ് ഹൈക്കോടതി 5,000 പിഴ ചുമത്തിയിരുന്നു.

ENGLISH SUMMARY:

Readable prescriptions are now mandated by the Punjab and Haryana High Court to protect patient rights. The ruling ensures clear medical prescriptions, deeming it a fundamental right under Article 21, and encourages digital prescriptions and computerization of clinics.