AI generated Image

AI generated Image

സാധനങ്ങള്‍ വാങ്ങാന്‍ കടയിലെത്തുന്ന ഉപഭോക്താക്കളോട് ബില്ലടിക്കുന്ന സമയത്ത് മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടാല്‍ ഇനി കുടുങ്ങും. പുതിയ നിയമം അനുസരിച്ച് സ്വകാര്യതാലംഘനത്തിന്‍റെ പരിധിയിലാണിത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബില്ല് ഓണ്‍ലൈനായി അയയ്ക്കാനും ലോയല്‍റ്റി സ്കീമുകളില്‍ ചേര്‍ക്കാനുമാണ് കടയുടമകള്‍ മൊബൈല്‍ നമ്പര്‍ നല്‍കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നത്. 

ഉപഭോക്താവ് നമ്പര്‍ നല്‍കാന്‍ തയ്യാറായാലും പൊതുസ്ഥലത്ത് നമ്പര്‍ ഉറക്കെ പറയുന്നതും നിയമപ്രകാരം കുറ്റകരമാണ്. മൊബൈല്‍ നമ്പര്‍ വ്യക്തിയുടെ സ്വകാര്യതയുമായി അത്രയും ബന്ധപ്പട്ടിരിക്കുന്നുവെന്നും നിയമവിദഗ്ധര്‍ പറയുന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്ക് പുറമെ സന്ദര്‍ശക രേഖ സൂക്ഷിക്കുന്നയിടങ്ങളിലും ഹൗസിങ് സൊസൈറ്റികളിലും നിയമം ബാധകമാക്കും.  

മൊബൈല്‍ നമ്പറുകള്‍ വ്യക്തികളോട് ആവശ്യപ്പെടുമ്പോള്‍ തന്നെ എന്തിനാണ് അത് ഉപയോഗിക്കുന്നതെന്നും എത്രനാള്‍ സൂക്ഷിക്കുമെന്നും എങ്ങനെയാകും ഈ വിവരങ്ങള്‍ നശിപ്പിക്കുകയെന്നും വ്യക്തമായി വിശദീകരിക്കണമെന്നാണ് നിയമം പറയുന്നത്.

നമ്പര്‍ നല്‍കാന്‍ വിസമ്മതിച്ചതിന്‍റെ പേരില്‍ കടയുടമ സാധനം നല്‍കാതിരുന്നാല്‍ കടയുടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കാം. അതേസമയം, ഡിജി യാത്ര പോലെ അത്യാവശ്യ സേവനങ്ങള്‍ക്ക് നമ്പര്‍ നല്‍കുകയും വേണമെന്നും നിയമം വ്യക്തമാക്കുന്നു. മൊബൈല്‍ നമ്പര്‍ നല്‍കാത്ത ഉപഭോക്താക്കള്‍ക്ക് ഇ–മെയില്‍ വഴിയോ, പഴയതു പോലെ പേപ്പറിലോ വേണം ബില്‍ നല്‍കാന്‍. ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളടക്കമുള്ള വിവരങ്ങള്‍ കൈമാറ്റം ചെയ്യാനോ, പരസ്യ സ്ഥാപനങ്ങള്‍ക്ക് വില്‍ക്കാനോ പാടില്ലെന്നും നിയമം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Customer privacy is now protected by new regulations regarding mobile number requests at billing. These regulations aim to prevent privacy violations and ensure customer data is handled responsibly.