ബിഹാറിൽ കരട് വോട്ടർ പട്ടികയിൽ ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനുള്ള സുപ്രീംകോടതി ഉത്തരവോടെ ഹർജിക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നാണ് നടപ്പാകുന്നത്. അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ട ഒട്ടേറെപ്പേർക്ക് വോട്ടർപട്ടികയിൽ തിരിച്ചെത്താനാകും. വരുന്ന തിരഞ്ഞെടുപ്പുകളിലും കരട് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കേണ്ടി വരുമെന്നും നിയമ വിദഗ്ധർ പറയുന്നു.
വോട്ടർ പട്ടികയിൽ തീവ്ര പരിഷ്കരണം നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്. എന്നാൽ ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തിരക്കിട്ട് പരിഷ്കരണം നടത്തുന്നതും 65 ലക്ഷം വോട്ടർമാർ കൂട്ടമായി ഒഴിവാക്കപ്പെട്ടതുമാണ് ആക്ഷേപത്തിന് കാരണമായത്. ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാനും കാരണം ബോധിപ്പിക്കാനും ചട്ടമില്ലെന്നു വാദിച്ചിരുന്ന കമ്മീഷന് ഒടുവിൽ സുപ്രീം കോടതിക്കുമുന്നിൽ വഴങ്ങേണ്ടിവന്നു.
ഒഴിവാക്കിയതിന്റെ കാരണം ബോധിപ്പിക്കണമെന്ന നിർദ്ദേശവും നിർണായകമായി. ഒഴിവാക്കിയതിന്റെ കാരണം അറിഞ്ഞ് തിരുത്തലിന് വോട്ടർമാർക്ക് അവകാശവാദം ഉന്നയിക്കാം. രാഷ്ട്രീയപാർട്ടികളും ഇതിന് മുൻകൈയെടുക്കും. അർഹതയുള്ള വലിയൊരു വിഭാഗത്തിന് ഇതോടെ അന്തിമപ്പട്ടികയിൽ ഇടം നേടാനാകും. ഭാവിയിലെ വോട്ടർ പട്ടിക പരിഷ്കരണങ്ങളിലും സുപ്രീംകോടതി നിർദ്ദേശം പാലിക്കേണ്ടി വന്നേക്കാം
വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ പൗരത്വം തെളിയിക്കാനായി ഹാജരാക്കാവുന്ന 11 രേഖകളിൽ ആധാർ കാർഡും വോട്ടർ തിരിച്ചറിയൽ കാർഡും റേഷൻ കാർഡും ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നിരുന്നു. ഇത്പൂർണ്ണമായി അംഗീകരിച്ചില്ലെങ്കിലും ഒഴിവാക്കപ്പെട്ടവർക്ക് അവകാശവാദം ഉന്നയിക്കാനായി ആധാർ കാർഡ് രേഖയായി ഉപയോഗിക്കാം എന്നാണ് സുപ്രീംകോടതി ഉത്തരവ്. ഇവരുടെ കാര്യത്തിൽ തുടർനടപടി എങ്ങനെയാകുമെന്ന് വ്യക്തതയില്ല. 11 രേഖകളിലൊന്ന്ഹാജരാക്കാൻ കൂടുതൽ സമയം നൽകിയേക്കാം.