മരിച്ചെന്ന പേരില്‍ ബിഹാറിലെ കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ട സ്ത്രീയടക്കം രണ്ടുപേരെ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാക്കി യോഗേന്ദ്ര യാദവ്. എന്തിനാണ് നാടകം കളിക്കുന്നതെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിഭാഷകന്‍റെ മറുചോദ്യം. ആധാര്‍ പൗരത്വത്തിന്‍റെ തെളിവല്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം സുപ്രീം കോടതി ശരിവച്ചു.
ബിഹാറിലെ വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിനെതിരായ ഹര്‍ജികളിലെ വാദത്തിനിടെ സുപ്രീം കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍. ഹര്‍ജിക്കാരിലൊരാളായ പൊതുപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ് നേരിട്ട് വാദങ്ങളുന്നയിക്കുന്നതിനിടെ രണ്ടു സ്ത്രീകളെ കോടതിയില്‍ ഹാജരാക്കി. മരിച്ചെന്ന് പ്രഖ്യാപിച്ച് കരട് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കിയവരാണിതെന്ന് യോഗേന്ദ്ര യാദവ്. നാടകം കളിക്കുന്നത് എന്തിനാണെന്ന ചോദ്യമായിരുന്നു അപ്രതീക്ഷിത നീക്കത്തോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിഭാഷകന്‍റെ പ്രതികരണം. ലോകചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധമാണ് ബിഹാറിലേതെന്നും ഒഴിവാക്കപ്പെട്ടവരിലേറെയും സ്ത്രീകളാണെന്നും യോഗേന്ദ്ര യാദവ് വാദിച്ചു. മികച്ച വിശകലനത്തിന് യാദവിനെ കോടതി അഭിനന്ദിച്ചു. ചില പ്രശ്നങ്ങൾക്ക് പരിഹാര നടപടികൾ ആവശ്യമാണെന്നും ജസ്റ്റിസ് സുര്യകാന്ത്. ശുദ്ധീകരണ പ്രക്രിയയാണ് നടത്തുന്നതെന്നും അത് തടയാന്‍ ശ്രമിക്കുന്നതിനുപകരം സഹായിക്കുകയാണ് വേണ്ടതെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്‍.
ആധാര്‍ കാര്‍ഡ് പൗരത്വത്തിന്‍റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിയാണെന്ന് സുപ്രീം കോടതി വാക്കാല്‍ നീരിക്ഷിച്ചു. പട്ടികയില്‍ പൗരന്മാരെ ഉള്‍പ്പെടുത്തുന്നതും പൗരന്മാരല്ലാത്തവരെ ഒഴിവാക്കുന്നതും കമ്മിഷന്‍റെ പരിധിയിൽ വരും. അതേസമയം നിയമ വിരുദ്ധതയുണ്ടെങ്കില്‍ തീവ്ര പരിഷ്‌കരണം റദ്ദാക്കുമെന്നും സുപ്രീംകോടതി ആവര്‍ത്തിച്ചു. ഹര്‍ജികളില്‍ നാളെയും വാദം തുടരും.