ലിവ് ഇന്‍ ബന്ധങ്ങള്‍ ഇന്ത്യന്‍ സമൂഹത്തില്‍ എന്നും ചര്‍ച്ചാവിഷയമാണ്. പലഘട്ടങ്ങളില്‍ വിവിധ കോടതികളില്‍നിന്ന് ലിവിങ് ടുഗതര്‍ ബന്ധങ്ങളുടെ നിയമസാധുത സംബന്ധിച്ച് വ്യത്യസ്തമായ വിധികളുണ്ടായി. ലിവ് ഇന്‍ ബന്ധങ്ങള്‍ നിയമവിധേയമാണെന്ന് സുപ്രീം കോടതിതന്നെ പറഞ്ഞെങ്കിലും വാദപ്രതിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഏറ്റവുമൊടുവില്‍ അലഹാബാദ് ഹൈക്കോടതിയാണ് ലിവ് ഇന്‍ ബന്ധങ്ങളെക്കുറിച്ച് വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയായവര്‍ വിവാഹിതരാകാതെ ഒന്നിച്ചു ജീവിക്കുന്ന ലിവ് ഇന്‍ ബന്ധങ്ങള്‍ ഇന്ത്യൻ മധ്യവർഗസമൂഹം പുലർത്തുന്ന മൂല്യങ്ങൾക്കെതിരാണ് എന്നാണ് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മധ്യവർഗ സമൂഹത്തിന്‍റെ വ്യവസ്ഥാപിത നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ലിവ് ഇന്‍ ബന്ധങ്ങള്‍, അതിനാലാണ് ഇത്തരം ബന്ധങ്ങള്‍ ഒടുവില്‍ കേസായി കോടതികളിലെത്തുന്നത് എന്നും അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സിദ്ധാർത്ഥ് നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്തെന്ന കേസിൽ പ്രതിയായ യുവാവിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. സുപ്രീം കോടതി ലിവ്-ഇൻ ബന്ധങ്ങൾ നിയമവിധേയമാക്കിയതുമുതൽ ഇത്തരം കേസുകൾ പതിവാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതികള്‍ ഇതുപോലുള്ള കേസുകള്‍ കേട്ട് മടുത്തു. യുവതലമുറ ലിവ്-ഇൻ ബന്ധങ്ങളിൽ വളരെയധികം ആകൃഷ്ടരാണെങ്കിലും, ഇത്തരം കേസുകളിൽ അവയുടെ പ്രതികൂല വശങ്ങളാണ് കാണുന്നതെന്നും ഹൈക്കോടതി.
"ലിവ്-ഇൻ-റിലേഷൻ എന്ന ആശയം സ്ത്രീകളുടെ താൽപ്പര്യത്തിന് എതിരാണ്, പുരുഷന് ഒരു സ്ത്രീയുമായോ നിരവധി സ്ത്രീകളുമായോയുള്ള ലിവ്-ഇൻ ബന്ധത്തിനുശേഷവും വിവാഹം കഴിക്കാനാകും, എന്നാല്‍ ലിവ് ഇന്‍ ബന്ധം വേർപിരിഞ്ഞശേഷം സ്ത്രീകൾക്ക് മറ്റൊരു ജീവിത പങ്കാളിയെ കണ്ടെത്തുക ബുദ്ധിമുട്ടാണ്, വേര്‍പിരിയുമ്പോള്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണ് കൂടുതൽ കഷ്ടപ്പെടുന്നത്', ജസ്റ്റിസ് സിദ്ധാർത്ഥ് നിരീക്ഷിച്ചു.
ഷെയ്ൻ ആലം എന്ന യുവാവിന്‍റെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിച്ചത്. യുവാവ് തന്നെ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നുവെന്നും എന്നാല്‍ പിന്നീട് വിവാഹത്തിന് വിസമ്മതിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഭാരതീയ ന്യായ സംഹിതയിലെ ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമായിരുന്നു യുവാവിനെതിരായ കേസ്. ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഒടുവിൽ പ്രതിക്ക് ജാമ്യം അനുവദിച്ചു.