thuglife-hc-kamal

കന്നഡ ഭാഷയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണത്തില്‍ മാപ്പുപറയില്ലെന്ന് സൂപ്പര്‍താരം കമല്‍ഹാസന്‍. തന്‍റെ പരാമര്‍ശങ്ങള്‍ ദുരുദ്ദേശത്തോടെ അല്ലെന്നും അതുകൊണ്ട് മാപ്പുപറയില്ലെന്നും താരം കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചു. ചിത്രത്തിന്‍റെ കര്‍ണാടകയിലെ റിലീസ് മാറ്റിയെന്നും കമല്‍ കോടതിയെ അറിയിച്ചു. കന്നഡ ഫിലിം ചേംബറുമായി ചര്‍ച്ച നടത്തി റിലീസ് പ്രശ്നം പരിഹരിക്കാനാകുമെന്നും അതിന്  ശേഷമെ റിലീസ് ചെയ്യൂവെന്നും അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. Also Read: തഗ്​ലൈഫിന് കര്‍ണാടകയില്‍ നിരോധനം

ചിത്രം നിരോധിച്ചത് ശരിയായ നടപടിയല്ലെന്ന് കാട്ടി ഹര്‍ജിയുമായെത്തിയ കമലിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരു ഭാഷയും മറ്റൊരു ഭാഷയില്‍ നിന്നും ഉണ്ടായതല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഉച്ചയ്ക്ക് രണ്ടര വരെയായിരുന്നു മാപ്പുപറയുന്നതിനായി താരത്തിന് സമയം അനുവദിച്ചത്. എന്നാല്‍ കന്നഡ ഭാഷയെ ഇകഴ്ത്തിക്കാട്ടാന്‍ താന്‍ ശ്രമിച്ചിട്ടില്ലെന്നും നമ്മളെല്ലാവരും ഒന്നാണെന്ന സന്ദേശം പങ്കുവയ്ക്കുകയായിരുന്നു ഉദ്ദേശമെന്നും താരം നിലപാട് സ്വീകരിച്ചു. വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടതും സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിച്ചതുമാണെന്നുമായിരുന്നു കമലിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. Read More:'ഇതൊക്കെ സമൂഹത്തിലുള്ളതല്ലേ'; തൃഷയും കമലും തമ്മിലുള്ള പ്രായവ്യത്യാസം

തഗ് ​ലൈഫിന്‍റെ പ്രചാരണ പരിപാടിക്കിടെയാണ് കന്നഡഭാഷയും തമിഴില്‍ നിന്നുണ്ടായതാണെന്ന് കമല്‍ പറഞ്ഞത്.  ഇത് കര്‍ണാടകയില്‍ വന്‍ വിവാദമായതോടെയാണ് ഫിലിം ചേംബര്‍ ചിത്രത്തിനെതിരെ നിലപാടെടുത്തത്. ജൂണ്‍ ആറിനാണ് ചിത്രത്തിന്‍റെ ആഗോള റിലീസ്. എന്നാല്‍ മാപ്പുപറയാത്ത സാഹചര്യത്തില്‍ കര്‍ണാടകയില്‍ ചിത്രം വിലക്കുകയാണെന്ന് ഫിംലിം ചേംബര്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മാപ്പുപറയില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ കമല്‍ കര്‍ണാടക ഹൈക്കോടതിയില്‍ എത്തിയത്. 

കമല്‍ നടത്തിയ പരാമര്‍ശങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ഇത്തരമൊരു പരാമര്‍ശം നടത്താന്‍ കമല്‍ ചരിത്രകാരനോ ഭാഷാ പണ്ഡിതനോ ആണോയെന്ന ചോദ്യവും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് നാഗപ്രസന്ന ഉയര്‍ത്തി. തുടര്‍ന്നാണ് മാപ്പുപറയണമെന്ന് കോടതിയും നിലപാട് എടുത്തത്. 

ENGLISH SUMMARY:

Kamal Haasan tells Karnataka High Court he won't apologize for alleged derogatory remarks against Kannada. Thug Life release postponed; actor insists his words were misinterpreted and not meant to offend.