Imgae Credit: X/ OrissaPOSTLive, soumyajitt
നവദമ്പതികള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ ബോംബ് പൊട്ടിത്തെറിച്ച് വരന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. ഒഡീഷയിലെ സ്വകാര്യ കോളജ് പ്രൊസഫറായ പുഞ്ചിലാൽ മെഹറിനെയാണ് പട്‌നഗഡ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. സോഫ്റ്റ്‍വെയര്‍ എന്‍ജിനീയറായ സൗമ്യ ശേഖർ സാഹു (26) ആണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 2018 ഫെബ്രുവരിയില്‍ ഒഡീഷയിലെ പട്നഗഡിലാണ് കേസിന് ആസ്പദമായ സംഭവം.
ചത്തീസ്ഗഡിലെ റായ്പുരില്‍ നിന്നും കുറിയറായാണ് ബോംബ് എത്തിയത്. ഫെബ്രുവരി 23 ന് വീട്ടില്‍ കുടുംബത്തോടൊപ്പം ഇരിക്കുന്നതിനിടെ എത്തിയ കുറിയര്‍ തുറന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ സൗമ്യ ശേഖറിന്‍റെ മുത്തശ്ശി ജെമാമണി സാഹു (85)വും കൊല്ലപ്പെട്ടിരുന്നു. വധു റീമ (22)യ്ക്ക് സ്ഫോടനത്തില്‍ ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു. സൗമ്യയും റീമയും വിവാഹിതരായിട്ട് അഞ്ചാം ദിവസമാണ് വീട്ടില്‍ സ്ഫോടനമുണ്ടാകുന്നത്.
സമ്മാനം തുറക്കാനായി ഒരു നൂൽ വലിച്ചപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. വീടിനും വ്യാപകമായ നാശനഷ്ടങ്ങൾ സംഭവിച്ചു. ചുവരുകൾ വിണ്ടുകീറുകയും ജനാലകൾ തകരുകയും ചെയ്തു. പ്രതിക്ക് സൗമ്യ ശേഖറിന്‍റെ അമ്മയോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളജില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ് ഇരുവരും. പുഞ്ചിലാലിനെ ഒഴിവാക്കി സൗമ്യ ശേഖറിന്‍റെ അമ്മ സന്‍ജുക്ത സാഹുവിനെ കോളജില്‍ പ്രിന്‍സിപ്പാളാക്കിയതാണ് വിരോധത്തിന് കാരണമെന്ന് കേസ് അന്വേഷിച്ച് സിഐഡി സംഘം വ്യക്തമാക്കി.
യൂട്യൂബില്‍ വിഡിയോ കണ്ടാണ് പുഞ്ചിലാല്‍ ബോംബ് നിര്‍മിച്ചത്. ഇന്‍റര്‍നെറ്റില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. പിന്നീട് സെര്‍ച്ച് ഹിസ്റ്ററി ക്ലിയര്‍ ചെയ്തു. 2017 ദീപാവലി സമയത്ത് വലിയ അളവില്‍ പടക്കം ശേഖരിച്ച് പിന്നീട് ഇവ ബോംബ് നിര്‍മിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. ബോംബ് പാഴ്സല്‍ അയക്കാനായി പുഞ്ചിലാല്‍ ട്രെയിനിലാണ് റായ്പുരിലേക്ക് പോയത്. ആദ്യം കോളജിലെത്തി ഹാജർ രേഖപ്പെടുത്തിയ ശേഷം ടിക്കറ്റ് പോലുമെടുക്കാതെ റായ്പുരിലേക്ക് പുറപ്പെട്ടു.
സൈക്കിള്‍ റിക്ഷയിലും ഓട്ടോയിലും സഞ്ചരിച്ചാണ് കുറിയര്‍ ഓഫിസിലെത്തിയത്. മധുരപലഹാരങ്ങൾ എന്ന വ്യാജേനയാണ് ബോംബ് പാഴ്സല്‍ ചെയ്തത്. ശേഷം 650 കിലോമീറ്റർ സഞ്ചരിച്ചാണ് കുറിയര്‍ നവദമ്പതികളുടെ വീട്ടിലെത്തിയത്. കുറിയറില്‍ അയച്ചയാളുടെ പേര് എസ്കെ ശര്‍മ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് വ്യാജമാണെന്ന് അന്വേഷണ സംഘം തുടക്കത്തില്‍ കണ്ടെത്തി.
അന്വേഷണത്തിനിടെ കുറിയര്‍ അയച്ചത് എസ്കെ സിന്‍ഹയാണെന്ന് വാദിച്ച് ഒരു ഊമ കത്ത് അന്വേഷണ സംഘത്തിന് ലഭിച്ചു. വരന്റെ വഞ്ചനയും സാമ്പത്തിക തര്‍ക്കങ്ങളുമാണ് സ്ഫോടനത്തിന് കാരണമെന്നും കത്തിലുണ്ടായിരുന്നു. കത്തിലെ കയ്യക്ഷരം പുഞ്ചിലാലിന്‍റേതാണെന്ന് സൗമ്യ ശേഖറിന്‍റെ അമ്മ കണ്ടെത്തിയതോടെയാണ് പ്രതിയിലേക്ക് എത്തിയത്. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പട്‌നഗഡിലെ പ്രതിയുടെ വീട്ടിൽ നിന്ന് കൊറിയർ ഏജൻസിയുടെ രസീതിന്റെ പകർപ്പും പോലീസ് കണ്ടെടുത്തു. സംശയം തോന്നാതിരിക്കാന്‍ വിവാഹത്തിലും സൗമ്യയുടെ സംസ്കാര ചടങ്ങിലും പുഞ്ചിലാല്‍ പങ്കെടുത്തിരുന്നു.