rahul-kharge

പാർലമെന്‍റിൽ മണ്ഡല പുനർനിർണയ ബില്ലിനെ ശക്തമായി എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ തീരുമാനം. രാജ്യത്തിന്‍റെ ആത്മാവിനെ തകർക്കുന്നതാണ് ബിൽ എന്ന് യോഗത്തിന് ശേഷം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഡിഎംകെയുടെയും എന്‍സിപി ശരദ് പവാർ പക്ഷത്തിന്‍റേയും നിലപാട് നോക്കാമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. സോണിയ ഗാന്ധിയുടെ വസതിയിൽ നടന്ന യോഗത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ പങ്കെടുത്തു.

തിങ്കളാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള മണ്ഡല പുനര്‍ നിര്‍ണയ ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ലോക്സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭരണഘടന ഭേദഗതി ബില്‍. ഏപ്രിലില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച് പരാജയപ്പെട്ട മണ്ഡല പുനര്‍നിര്‍ണയ ബില്ലില്‍ മാറ്റങ്ങള്‍ വരുത്തിയാണ് ഇത്തവണ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. 

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മണ്ഡല പുനര്‍നിര്‍ണയത്തിനായുള്ള ഭരണഘടനഭേദഗതി ബില്ലിന് അംഗീകാരം നല്‍കി. പ്രതിപക്ഷത്തെ ഭിന്നത മുതലെടുത്ത് ഡിഎംകെയും എന്‍സിപി ശരദ് പവാര്‍ വിഭാഗവും അടക്കമുള്ള പാര്‍ട്ടികളുടെ പിന്തുണ ലഭിക്കും വിധമാണ് ബില്ലിലെ മാറ്റങ്ങള്‍. 

എല്ലാ സംസ്ഥാനങ്ങളിലെയും ലോക്സഭാ സീറ്റുകള്‍ 50 ശതമാനം വര്‍ധിപ്പിക്കും. 543 സീറ്റുകള്‍ 816 ആയി ഉയരും. മണ്ഡല പുനര്‍നിര്‍ണയം 1971ലെ ഫോര്‍മുല അനുസരിച്ചായിരിക്കും. എല്ലാ സംസ്ഥാനങ്ങളിലും ഒരേ അനുപാതം പാലിക്കും. കേരളത്തിലെ ലോക്സഭാ സീറ്റുകള്‍ 30 ആകും. 2011ലെ സെന്‍സസ് അനുസരിച്ചായിരിക്കും മണ്ഡലങ്ങളുടെ അതിരുകള്‍ നിശ്ചയിക്കുക. 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കും. 25 വര്‍ഷത്തേയ്ക്ക് പിന്നീട് സീറ്റുകളുടെ കാര്യത്തില്‍ മാറ്റങ്ങളുണ്ടാകില്ലെന്നം ബില്ലിലുണ്ട്. തിങ്കളാഴ്ച്ച ലോക്സഭയില്‍ ബില്‍ അവതരിപ്പിക്കും. രണ്ട് ദിവസം ചര്‍ച്ച നടക്കും. ഡിസംബര്‍ 2ന് രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും. ഡിസംബര്‍ 3ന് ഇരുസഭകളും പിരിയും. ഡിഎംകെ, എന്‍സിപി ശരദ് പവാര്‍ വിഭാഗം, തൃണമൂല്‍ കോണ്‍ഗ്രസിലെ വിമതര്‍, ബിജെഡി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണയോടെ ബില്‍ പാസാക്കാനാണ് നീക്കം. 

വനിത സംവരണത്തെയും മണ്ഡല പുനര്‍ നിര്‍ണയത്തെയും ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇടതുപാര്‍ട്ടികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ഇന്ത്യ മുന്നണിയോഗം നാളെ രാവിലെ 11ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ചിട്ടുണ്ട്. ശരദ് പവാര്‍ ആശുപത്രിയിലായതിനാല്‍ സുപ്രിയ സുലെ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. എംപിമാര്‍ക്ക് ബിജെപിയും കോണ്‍ഗ്രസും എന്‍സിപി ശരദ് പവാര്‍ വിഭാഗവും വിപ്പ് നല്‍കിയിട്ടുണ്ട്. മണ്ഡല പുനര്‍ നിര്‍ണയത്തെ അഖിലേഷ് യാദവ് എതിര്‍ക്കുന്നുണ്ടെങ്കിലും സമാജ്‍വാദി പാര്‍ട്ടി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനും സാധ്യതയുണ്ട്. ആര്‍ജെഡിയില്‍ ഭിന്നതയുണ്ട്. ബില്ലിനെ പിന്തുണയ്ക്കുമെന്നാണ് ആര്‍ജെഡി എംപി സുരേന്ദ്ര യാദവിന്‍റെ നിലപാട്. പാര്‍ലമെന്‍റില്‍ പിന്തുണ ഉറപ്പാക്കാന്‍ കുതിരക്കച്ചടവടം നടക്കുന്നതായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആരോപിക്കുന്നു.    

ENGLISH SUMMARY:

Constituency Delimitation Bill opposition is planned by the Congress party during the upcoming parliament session. The central cabinet has approved the constitutional amendment bill to increase Lok Sabha seats.