ashutosh-ranka

കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന് മാനനഷ്ട നോട്ടിസ് അയച്ച് സിജെപി സഹ കൺവീനർ അശുതോഷ് റാങ്ക. പാകിസ്താനിൽ നിന്ന് അശുതോഷിന് പണം ലഭിച്ചെന്ന ആരോപണത്തിലാണ് കോക്രോച്ച് ജനതാ പാർട്ടി നിയമ സെൽ നോട്ടിസ് അയച്ചിരിക്കുന്നത്. ജിതേന്ദ്ര സിങ്ങ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും മൂന്ന് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ആവശ്യം.

നവംബർ മൂന്നിന് ബെംഗളൂരുവിൽ നടന്ന ബിജെപി വാർത്താസമ്മേളനത്തിൽ ജിതേന്ദ്ര സിങ് നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് ആധാരം. പാകിസ്താനിലെ രാഷ്ട്രീയക്കാരിൽ നിന്ന് അശുതോഷ് റാങ്കയ്ക്ക് പണം ലഭിച്ചുവെന്നും സാനിയ എന്ന ഹാൻഡ്‌ലറിൽ നിന്ന് പണം കൈപ്പറ്റിയെന്നുമായിരുന്നു ജിതേന്ദ്ര സിങ്ങിന്റെ ആരോപണം.

കേന്ദ്രമന്ത്രിയുടെ ആരോപണം വ്യാജവും ദുരുദ്ദേശ്യപരവും വസ്തുതാവിരുദ്ധവുമാണെന്ന് റാങ്ക പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലഭിച്ച തുകകളെല്ലാം നിയമാനുസൃതമായ പ്രൊഫഷണൽ വരുമാനമാണെന്നും അംഗീകൃത ബാങ്കിങ് ചാനലുകൾ വഴിയാണ് കൈമാറിയിട്ടുള്ളതെന്നും നോട്ടിസിൽ പറയുന്നു. ഇവയെല്ലാം ആദായ നികുതി റിട്ടേണിൽ വ്യക്തമാക്കിയിട്ടുള്ളതാണെന്നും നോട്ടിസില്‍ പറയുന്നു. 

ഗാവിയുമായുള്ള അശുദോഷിന്‍റെ കൺസൾട്ടിങ് പ്രോജക്റ്റിനെ കുറിച്ചും നോട്ടിസിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാർ പതിവായി സംഭാവന നൽകുന്നതും മികച്ച ഉഭയകക്ഷി ബന്ധമുള്ളതുമായ ആഗോള പൊതുജനാരോഗ്യ സംഘടനയായ സ്ഥാപനമാണ് ഗാവിയെന്നും നോട്ടിസില്‍ വ്യക്തമാക്കുന്നു. ഏത് പാകിസ്താൻ രാഷ്ട്രീയക്കാരനാണ് പണം നൽകിയതെന്നോ, തുക, തിയതി, ഇടപാട്, അക്കൗണ്ട്, രേഖകൾ എന്നിവയെക്കുറിച്ചോ യാതൊരു വിവരവും മന്ത്രി നൽകിയിട്ടില്ലെന്ന് നോട്ടിസില്‍ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ വ്യക്തിഹത്യ നടത്താനാണ് ശ്രമിച്ചതെന്നും ആരോപണമുണ്ട്. ജിതേന്ദ്ര സിങ്ങില്‍ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാര തുക ഇന്ത്യയിലെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ സംഘടനയ്ക്ക് സംഭാവനയായി നല്‍കാനാണ്. 

ENGLISH SUMMARY:

Cockroach Janta Party co-convenor Ashutosh Ranka sent a defamation notice to Union Minister Jitendra Singh seeking a withdrawal of statements, an unconditional apology, and Rs 3 crore in damages over allegations that Ranka received funds from Pakistan. The row stems from Singh's November 3 press conference in Bengaluru, where he claimed Ranka received money from Pakistani politicians and a handler named Sania. The notice calls the remarks baseless and states that Ranka's earnings over the past two years were legitimate professional income routed through banking channels and declared in income tax returns, including consulting work with Gavi. It also notes that Singh provided no evidence, amounts, dates, or account details, and proposes donating the compensation to a primary education charity in India