മദ്യലഹരിയിൽ റോഡിൽ കിടന്നിരുന്ന യുവാവിനെ സഹായിക്കാൻ നിന്നവർക്ക് ഇടയിലേക്ക് അമിതവേഗതയിലെത്തിയ കോളേജ് ബസ് പാഞ്ഞുകയറി ഒരു കൊച്ചുകുട്ടി ഉൾപ്പെടെ നാല് പേർക്ക് പരുക്ക്. കഴിഞ്ഞ ഞായറാഴ്ച പഞ്ചാബിലെ ലുധിയാന ജില്ലയിലെ മച്ചിവാര-കുഹാര റോഡിൽ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
മദ്യലഹരിയിലായ ഒരു യുവാവ് സ്കൂട്ടറുമായി റോഡിൽ വീണുകിടക്കുന്നത് കണ്ട പ്രദേശവാസികളായ കിരൺദീപ് സിങ്, പ്രദീപ് സിങ് എന്നിവരുൾപ്പെടെയുള്ള യാത്രക്കാർ വാഹനങ്ങൾ നിർത്തി ഇയാളെ സഹായിക്കാൻ ഇറങ്ങിയതായിരുന്നു. അപകടം ഒഴിവാക്കാനായി ഇയാളെ റോഡിൽ നിന്ന് സമീപത്തെ പെട്രോൾ പമ്പിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്.
യുവാവിന് ചുറ്റും ആളുകൾ കൂടിനിൽക്കുമ്പോൾ പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ കോളജ് ബസ് ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഒരു കൊച്ചുകുട്ടി ഉൾപ്പെടെ നാല് പേർക്കാണ് പരുക്കേറ്റത്. പ്രദീപ് സിങ്ങിന്റെ കഴുത്തിനും പുറത്തിനും കാലുകൾക്കും സാരമായി പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ തന്റെ തലപ്പാവ് ദൂരേക്ക് തെറിച്ചുപോയതായും അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രദീപിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
അപകടത്തെത്തുടർന്ന് കോളേജ് ബസ് ഡ്രൈവറെ ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും അശ്രദ്ധമായി വാഹനം ഓടിച്ചതാണെന്നും ദൃക്സാക്ഷികള് ആരോപിച്ചു. ഡ്രൈവറെ വൈദ്യപരിശോധന നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.