ഗുജറാത്ത് കലാപകാലത്തെ അതിജീവിത ബില്‍ക്കിസ് ബാനോയും കുടുംബവും ഗുജറാത്ത് വിട്ടു. പീഡന, കൂട്ടക്കൊല കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതോടെയാണ് നാടുപേക്ഷിച്ചത്. പ്രതികളെ ഭയമുണ്ടെന്ന് ബാനോ പ്രതികരിച്ചിരുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ബിപിഞ്ചന്ദ് കനയ്യലാൽ ജോഷി, പ്രദീപ് രമൺലാൽ മോധിയ എന്നിവരുടെ ശിക്ഷയാണ് സുപ്രീംകോടതി മരവിപ്പിച്ചത്. ജസ്റ്റിസുമാരായ എം.എം. സുന്ദ്രേഷ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഒക്ടോബർ 28നാണ് ഉത്തരവിട്ടത്. നവംബർ 16നാണ് ഉത്തരവ് പുറത്തുവന്നത്. 17 വർഷത്തിലേറെയായി ജയിലിൽ കഴിയുന്നുവെന്നതും പ്രതികളിലൊരാൾക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നതും പരിഗണിച്ചാണ് നടപടി. കേസിൽ വസ്തുതാപരവും നിയമപരവുമായ വിഷയങ്ങൾ ഇനിയും പരിശോധിക്കാനുണ്ടെന്നും കോടതി നിരീക്ഷിച്ചു. വിചാരണക്കോടതി നിശ്ചയിക്കുന്ന ഉപാധികൾക്ക് വിധേയമായാണ് ജാമ്യം അനുവദിച്ചത്.
‘ഇത്രയേറെ പോരാടി നേടിയെടുത്ത നീതി എന്റെ കൈകളിൽനിന്ന് വീണ്ടും വഴുതിപ്പോകുന്നതായി തോന്നുന്നു. പഴയ ഭീതികൾ വീണ്ടും വേട്ടയാടുന്നു. ഞാൻ വീണ്ടും ഭയപ്പെടുകയാണ്...’ വിധിയ്ക്കു ശേഷം ബില്‍ക്കിസ് ബാനോ പ്രതികരിച്ചു.
ബോംബെ ഹൈക്കോടതി 2017ൽ ശരിവച്ച ശിക്ഷയ്ക്കെതിരായ അപ്പീലുകൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഗുജറാത്ത് സർക്കാർ 2022ൽ വിട്ടയച്ച 11 പ്രതികളുടെ ശിക്ഷാ ഇളവ് 2024ൽ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇപ്പോൾ ജാമ്യം ലഭിച്ച രണ്ടുപേരും ആ 11 പേരിൽ ഉൾപ്പെട്ടവരാണ്.