ആപ്പിളിന്റെ വിവിധ സേവനങ്ങളിൽ വ്യാപകമായ തടസ്സം. ഐക്ലൗഡ്, ആപ്പ് സ്റ്റോർ, വാലറ്റ് എന്നിവ പ്രവർത്തിക്കുന്നില്ലെന്ന് ഉപയോക്താക്കൾ റിപ്പോര്‍ട്ട് ചെയ്തു. .വിവിധ പ്ലാറ്റ്‌ഫോമുകളിൽ കണക്‌ഷൻ പ്രശ്നങ്ങളും അക്കൗണ്ടുകളിലേക്ക് സൈൻ ഇൻ ചെയ്യുന്നതിലെ പരാജയങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

ആപ്പിളിന്റെ വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട തകരാറുകൾ സംബന്ധിച്ച് ഡൗൺഡിറ്റക്ടറിൽ പരാതികൾ കുത്തനെ ഉയർന്നിട്ടുണ്ട്. എന്നാൽ ആപ്പിളിന്റെ ഔദ്യോഗിക സിസ്റ്റം സ്റ്റാറ്റസ് പേജിൽ ഈ സേവനങ്ങളെല്ലാം പ്രവർത്തനക്ഷമമാണെന്നാണ് കാണിക്കുന്നത്. ഡൗൺഡിറ്റക്ടർ നൽകുന്ന വിവരങ്ങൾ പ്രകാരം, യുഎസ് സമയം രാവിലെ 11.30ഓടെയാണ് സേവനങ്ങളിലെ തടസ്സം സംബന്ധിച്ച പരാതികൾ ഉയർന്നുതുടങ്ങിയത്. ഒരു മണിക്കൂറിനുള്ളിൽ പരാതികളുടെ എണ്ണം രണ്ടായിരത്തോടടുത്തു.

 

തകരാർ സ്ഥിരീകരിക്കാതെ ആപ്പിൾ

 

സേവനങ്ങളിലുണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന തടസ്സത്തെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആപ്പിൾ പേ, ആപ്പിൾ സപ്പോർട്ട് തുടങ്ങിയ സേവനങ്ങളിലും പ്രശ്നങ്ങൾ നേരിടുന്നതായി റിപ്പോർട്ടുകളുണ്ട്. തകരാറിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമല്ല. സേവനങ്ങൾ തടസ്സപ്പെടാനുള്ള കാരണമോ അവ പൂർണതോതിൽ പുനഃസ്ഥാപിക്കുന്നതിനുള്ള സമയക്രമമോ ആപ്പിളിന്റെ സിസ്റ്റം സ്റ്റാറ്റസ് പേജിൽ നൽകിയിട്ടില്ല.

 

അതിനിടെ, ആപ്പിളിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നതിനിടെ നേരിട്ട പ്രശ്നങ്ങൾ പങ്കുവച്ച് നിരവധി പേർ എക്സിൽ രംഗത്തെത്തി. കഴിഞ്ഞയാഴ്ച മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്കിലും വലിയ തോതിലുള്ള സേവന തടസ്സം റിപ്പോർട്ട് ചെയ്തിരുന്നു.

ENGLISH SUMMARY:

Apple service outage has caused widespread disruptions across various platforms including iCloud and the App Store, though the company has not yet officially confirmed the technical glitch. Users worldwide have reported connection issues and sign-in failures while Apple's official status page continues to show normal operations.