ജീവനൊടുക്കിയ അമ്മയെ ഉണര്‍ത്താന്‍ ഒരു രാത്രി മുഴുവന്‍ ശ്രമിച്ച മൂന്നുവയസുകാരനെ കണ്ടെത്തിയത് അബോധാവസ്ഥയില്‍. ആന്ധ്രപ്രദേശിലെ കുര്‍ണൂലിലാണ് സംഭവം.30കാരിയായ അമ്മ മുറിക്കുള്ളിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ആ രാത്രി മുഴുവന്‍ അമ്മയുടെ മൃതദേഹത്തിനരികിലിരുന്ന് കരഞ്ഞുതളര്‍ന്ന് ഒടുവില്‍ അബോധാവസ്ഥയില്‍ തറയില്‍ കിടക്കുന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. അയല്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് അമ്മയുടെ പാദത്തിനരികിലായി കണ്ട സ്റ്റൂളിനോട് ചേര്‍ന്ന് കിടക്കുന്ന കുഞ്ഞിനെയാണ് കണ്ടെത്തിയത്. അഡോണി സ്വദേശിയായ സ്വാതിയാണ് ജീവനൊടുക്കിയത്.
Also Read: ‘സേഫ്റ്റിക്കായി ബാഗൂരി ചേര്‍ത്തുപിടിച്ചു, പിന്‍ഭാഗത്ത് തല അമരുന്നപോലെ തോന്നി, നാക്കുകൊണ്ട് ചേഷ്ട’
മനുഷ്യമനസിന് താങ്ങാവുന്ന കാഴ്ചയായിരുന്നില്ല അത്, ജീവന് നിലച്ച അമ്മയുെട കാലുകള്‍ പിടിച്ചും ഉമ്മവച്ചും കരഞ്ഞും ആ കുഞ്ഞ് രാത്രി മുഴുവന്‍ ഒപ്പം നിന്നു. അമ്മ മറുപടി പറയാതായതോടെ ആ കുഞ്ഞുമനസും ശരീരവും തളര്‍ന്നു. രാവിലെയായിട്ടും സ്വാതി പുറത്തിറങ്ങാതായതോടെയാണ് അയല്‍ക്കാര്‍ പൊലീസിനെ വിവരം അറിയിച്ചത്. കർണൂൽ സെക്കൻഡ് ടൗൺ പൊലീസ് വന്നാണ് അപാര്‍ട്ട്മെന്റിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്നത്.
Also Read: ആൺസുഹൃത്തിനെ ഒഴിവാക്കാന്‍ യുവതിയുടെ ക്വട്ടേഷന്‍; യുവതിയും സുഹൃത്തുക്കളും പിടിയില്‍
വെങ്കടരമണ കോളനിയിലെ അപാര്‍ട്ട്മെന്റിലാണ് സംഭവം. അമ്മ കലാവതിയ്ക്കും മൂന്നുവയസുകാരന് ശ്രിയാനുമൊപ്പമായിരുന്നു സ്വാതി താമസിച്ചിരുന്നത്. നാലുവര്‍ഷം മുന്‍പാണ് ഹൈദരാബാദ് സ്വദേശിയായ ഗണേഷുമായി സ്വാതിയുടെ വിവാഹം നടന്നത്. കുടുംബപ്രശ്നങ്ങളെത്തുടര്‍ന്ന് ഒരു വര്‍ഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. സ്വാതിയുടെ അമ്മ മൂന്നുദിവസം മുന്‍പ് ഇളയമകളെ കാണാനായി ഹൈദരാബാദിലേക്ക് പോയിരുന്നു.
ഒറ്റയ്ക്കുള്ള ജീവിതത്തില്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നു സ്വാതിയെന്ന് ബന്ധുക്കള്‍ പറയുന്നു. മരിക്കുന്നതിനുമുന്പ് രാത്രിയില്‍ തൊട്ടടുത്തുള്ള താമസക്കാരുമായി സ്വാതി സംസാരിച്ചിട്ടുണ്ട്. അമ്മയുമായി ഫോണിലും വിശേഷങ്ങള്‍ പങ്കുവച്ചതായി ബന്ധുക്കള്‍ പറയുന്നു. അബോധാവസ്ഥയിലായ കുഞ്ഞിന് പൊലീസെത്തിയ ഉടന്‍ തന്നെ പ്രാഥമിക ചികിത്സ നല്കി. സ്വാതിയുടെ അമ്മയും വിവരമറിഞ്ഞ് ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തി. ഒരു രാത്രിമുഴുവന്‍ അമ്മയുടെ മൃതദേഹത്തിനരികെ ഇരിക്കേണ്ടിവന്ന കുഞ്ഞിന്റെ സാഹചര്യമറിഞ്ഞ ഞെട്ടലിലാണ് ബന്ധുക്കളും അയല്‍വാസികളും.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഏതെങ്കിലും തരത്തിലുള്ള മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ സൗജന്യ ഹെല്പ് ലൈന്‍ നമ്പറായ 1056 ലോ / 0471 – 2552056 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ 9152987821 എന്ന മൊബൈല്‍ നമ്പറിലോ വിളിച്ച് സഹായം തേടുക.)