Image Credit/X, @DefenceNewsOfIN

Image Credit/X, @DefenceNewsOfIN

  • രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ സൈനികന് വെടിയേറ്റു. ആരോഗ്യനില തൃപ്തികരം. പ്രതികള്‍ക്കായി തിരച്ചില്‍

രാഷ്ട്രപതിയുടെ അംഗരക്ഷക സേനയിലെ സൈനികന് വെടിയേറ്റു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയിലാണ് സംഭവം. അയല്‍വാസികളുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് 28കാരനായ സൗരഭ് തോമറിന് വെടിയേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. ദീപാവലി ആഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. തലയ്ക്കു വെടിയേറ്റ് മീററ്റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തോമറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. നിലവില്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. 

Also Read: ധാക്കയിലെ തെരുവുകളെ 'ഡല്‍ഹി'യാക്കി ചൈനീസ് വ്ലോഗര്‍മാര്‍; രൂക്ഷ പ്രതികരണവുമായി ഇന്ത്യ

 തോമറിന്റെ സഹോദരനും സംഘര്‍ഷത്തിനിടെ മര്‍ദനമേറ്റിട്ടുണ്ട്. വധശ്രമത്തിനു അയല്‍ക്കാരായ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ട്രപതി ഭവനിലെ കുതിരപ്പട വിഭാഗത്തിലെ അംഗമായ തോമര്‍ ദീപാവലി ആഘോഷിക്കാനായി ഗോപാല്‍പുര്‍ ഗ്രാമത്തിലെ വീട്ടിലെത്തിയതായിരുന്നു. വീടിനു പുറത്തു സംസാരിക്കുന്നതിനിടെ അയല്‍ക്കാരായ ധീരജും പ്രവീണും ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

തോമറിന്റെ പിതാവ് നല്‍കിയ പരാതിയില്‍ പ്രതികള്‍ക്ക് തങ്ങളുടെ കുടുംബവുമായി മുന്‍വൈരാഗ്യമുണ്ടെന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. നാടന്‍ തോക്കും വടിയുമായെത്തിയ പ്രതികള്‍ സഹോദരങ്ങള്‍ക്കുനേരെ അസഭ്യം പറയാന്‍ തുടങ്ങുകയും പിന്നാലെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ പ്രതികളിലൊരാള്‍ വെടിയുതിര്‍ക്കുകയും വെടിയുണ്ട ചുമരില്‍ തട്ടി തോമറിന്റെ തലയില്‍ പതിക്കുകയും ചെയ്തു. ഇരുവരേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പ്രതികള്‍ കടന്നുകളയുകയും ചെയ്തു. 

പരുക്കേറ്റ ഇരുവരേയും ആദ്യം ബറൗട്ടിലും പിന്നീട് മീററ്റിലെ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. നിലവില്‍ ഇരുവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വധശ്രമത്തിനു കേസെടുത്ത പൊലീസ് ഭാരതീയ ന്യായ് സംഹിതയിലെ 109(1), 115(2), 352, 351(3) എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സംഭവത്തിനു പിന്നാലെ ഒളിവില്‍പ്പോയ പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും രാമാല സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ രാകേശ് ശര്‍മ പറയുന്നു. 

2021ലാണ് തോമര്‍ രാഷ്ട്രപതിയുടെ അംഗരക്ഷക സേനയില്‍ ചേര്‍ന്നത്. ആറടി മൂന്നിഞ്ച് ഉയരമുള്ള തോമറിനെ കുതിരപ്പട വിഭാഗത്തിലാണ് നിയമിച്ചത്. ഇന്ത്യന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന റെജിമെന്റാണ് രാഷ്ട്രപതിയുടെ അംഗരക്ഷകസേന. 

Soldier from the President’s Bodyguard unit has been shot in head:

A soldier from the President’s Bodyguard unit has been shot. The incident took place in the Baghpat district of Uttar Pradesh. Reports indicate that 28-year-old Saurabh Tomar was shot following an altercation with his neighbors.