രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളും ഭാര്യയും ഐപിഎസ് ഉദ്യോഗസ്ഥയുമായ പ്രശാഖ മാത്തൂറും ചേർന്ന് വാങ്ങിയത് 36 വില്ലകളെന്ന് കണ്ടെത്തൽ. വിപണി മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയിൽ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി വില്ലകൾ സ്വന്തമാക്കിയാതായി പ്രാഥമിക അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇരുവർക്കുമെതിരെ വിശദമായ അന്വേഷണത്തിനു രാജസ്ഥാൻ ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് സർക്കാർ നിർദേശം നൽകി.
അഗർവാളിന്റെയും ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പേരിലാണ് ഒട്ടേറെ സ്വത്തുക്കൾ വാങ്ങികൂട്ടിയത്. ഉദയ്പൂരിലെ ബുജ്ദയിൽ 20 വില്ലകൾ വാങ്ങിയതായി ആരോപിക്കപ്പെടുന്നു, അതിൽ 10 എണ്ണം അഗർവാളിന്റെ പേരിലും 10 എണ്ണം ഭാര്യ പ്രശാഖ മാത്തൂറിന്റെ പേരിലുമാണ്. വില്ലയ്ക്ക് ഓരോന്നിനും 15 ലക്ഷം മാത്രമാണ് റജിസ്ട്രേഷനിൽ കാണിച്ചിട്ടുള്ളത്. ഇതുകൂടാതെ അൽവാറിലും 8 വില്ലകൾ വാങ്ങിയിട്ടുണ്ട്. 4 എണ്ണം വീതം അഗർവാളിന്റെയും ഭാര്യയുടെയും പേരിലാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
15 ലക്ഷം മുതൽ 16.5 ലക്ഷം രൂപയാണ് ഈ വില്ലകളിൽ ഓരോന്നിനും വില കാണിച്ചിട്ടുള്ളത്. ശിഖർ അഗർവാളുമായി ബന്ധപ്പെട്ട 36 വില്ലകളാണ് രണ്ട് സ്ഥലങ്ങളിലുമായി കണ്ടെത്തിയിട്ടുള്ളത്. ഇദ്ദേഹം രേഖപ്പെടുത്തിയ മൂല്യം അനുസരിച്ചായാലും 5.52 കോടി രൂപയുടെ സ്വത്തുക്കൾ ഇതിലൂടെ സമ്പാദിച്ചിട്ടുണ്ട്.
രാജസ്ഥാൻ സർക്കാരിനു കീഴിലെ വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറിയായി അടുത്ത കാലം വരെ സേവനമനുഷ്ഠിച്ച അഗർവാൾ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ചില കമ്പനികൾക്ക് ഇളവുകൾ അനുവദിക്കുകയും റിസോർട്ട് നിർമാണ വ്യവസ്ഥകൾ ലഘൂകരിക്കുകയും ചെയ്തതായി കണ്ടെത്തി. അഗർവാളിന്റെ നടപടികളിലൂടെ സംസ്ഥാന സർക്കാരിന് ഗണ്യമായ സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഉദയ്പുർ ജില്ലാ കലക്ടർ, രാജസ്ഥാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വ്യവസായ വകുപ്പിന്റെ അഡീഷനൽ ചീഫ് സെക്രട്ടറി എന്നിങ്ങനെ ഒട്ടേറെ സ്ഥാനങ്ങൾ ശിഖർ അഗർവാൾ വഹിച്ചിട്ടുണ്ട്.