എൽ.കെ.ജി. വിദ്യാർഥിനിക്ക് ക്ലാസ് മുറിയിൽ ക്രൂരമർദനം. മൂന്നാം ക്ലാസ് വിദ്യാർഥി കല്ലും പൂച്ചട്ടിയും ഉപയോഗിച്ച് മർദിച്ചതിനെത്തുടർന്ന് കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. ഹരിയാനയിലെ പഞ്ചകുളയിലുള്ള സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം.
പഞ്ചകുളയിലെ സംസ്കൃതി മോഡൽ സ്കൂളിൽ എട്ടുവയസ്സുകാരനായ മൂന്നാം ക്ലാസ് വിദ്യാർഥി എൽ.കെ.ജി. വിദ്യാർഥിനിയെ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും രണ്ടുതവണ തല ഡെസ്കിലിടിപ്പിക്കുന്നതും തറയിലേക്ക് തള്ളിയിട്ട് ചവിട്ടുന്നതും ഉൾപ്പെടെയുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. തുടർന്ന് കല്ലുകളും പൂച്ചട്ടിയും ഉപയോഗിച്ച് ആൺകുട്ടി കുട്ടിയെ വീണ്ടും വീണ്ടും ആക്രമിക്കുകയായിരുന്നു. ക്രൂരമായ മർദനത്തെത്തുടർന്ന് പെൺകുട്ടി ബോധരഹിതയായി. എന്നിട്ടും ആക്രമണം അവസാനിപ്പിക്കാതെ ആൺകുട്ടി കുട്ടിയെ വലിച്ചിഴയ്ക്കുന്നതും ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. രക്തത്തിൽ കുളിച്ച നിലയിലാണ് കുട്ടിയെ ക്ലാസ് മുറിയിൽ കണ്ടെത്തിയത്.
പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ സ്കൂളിലെത്തിയ മാതാപിതാക്കളോട് മർദിച്ച ആൺകുട്ടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘നിങ്ങളുടെ മകൾ ഇവിടെ കിടക്കുന്നുണ്ട്’ എന്നാണ് അവൻ രക്ഷിതാക്കളോട് പറഞ്ഞത്. ഉടൻതന്നെ അവർ കുട്ടിയെ സെക്ടർ ആറിലെ സിവിൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. എന്നാൽ, പരുക്കുകൾ ഗുരുതരമായതിനാൽ ചണ്ഡീഗഡിലെ പി.ജി.ഐ. ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഇത്ര ചെറുപ്രായത്തിൽ ഒരു കുട്ടി ഇത്തരമൊരു പ്രവൃത്തി ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കുന്നതിന്റെ ഭാഗമായി ആൺകുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തു. അതേസമയം, ആൺകുട്ടിയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് അധ്യാപകരോട് പരാതി പറയുമെന്ന് പെൺകുട്ടി അറിയിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് കുട്ടിയുടെ ബന്ധു പറഞ്ഞു. ആൺകുട്ടി മുൻപും അക്രമാസക്തമായ പെരുമാറ്റം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തെരുവുനായ്ക്കളെ ഉപദ്രവിച്ചതടക്കം നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവം സ്കൂളുകളിലെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ഗൗരവമേറിയ ചോദ്യങ്ങളുയർത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഹരിയാന വിദ്യാഭ്യാസമന്ത്രി മഹിപാൽ ധൻഡ പ്രത്യേക സമിതിയെ നിയോഗിച്ചു. വിഷയത്തിൽ ഗൗരവമായ നടപടിയെടുക്കുമെന്ന് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് അദ്ദേഹം ഉറപ്പുനൽകി. വീഴ്ച വരുത്തിയതായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.