ശ്മശാനത്തിൽനിന്ന് മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തിയ സംഘം കർണാടകയിൽ പിടിയിൽ. റായ്ച്ചൂരിലെ മാരുതി നഗറിലാണ് സംഭവം. ഇത്തരത്തിൽ കടത്തിയ മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ലാബുകളിലാണ് എത്തിച്ചതെന്നാണ് വിവരം. ശനിയാഴ്ചയാണ് പ്രതികൾ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട് ശ്മശാനത്തിലെ തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), രാജു നരസപ്പ (35), അഫ്സർ ജൂനിമിയ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ രാജുവും അഫ്സറും മൃതദേഹങ്ങൾ എത്തിച്ചതായി കരുതപ്പെടുന്ന മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്നവരാണ്.
മൃതശരീരങ്ങൾ കുഴിച്ചെടുത്ത് നൽകുന്നതിന് 2,000 മുതൽ 3,000 രൂപ വരെയാണ് ഇവർ പ്രതിഫലമായി വാങ്ങിയിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സെമിത്തേരിയിലെ ശവക്കുഴികളിൽ മണ്ണ് മാറിക്കിടക്കുന്നതും അസ്ഥികൂടങ്ങളുടെ അവശിഷ്ടങ്ങൾ പുറത്തുകാണപ്പെട്ടതുമാണ് സംശയത്തിന് ഇടയാക്കിയത്. പരാതി ലഭിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കടത്തിയതായി കണ്ടെത്തിയത്. മൃതദേഹങ്ങൾ പുറത്തെടുത്തശേഷം ശവക്കുഴികൾ വീണ്ടും മൂടിയതായും നാട്ടുകാർ ആരോപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ENGLISH SUMMARY:
Karnataka Police have arrested a three-member gang involved in exhuming and smuggling dead bodies from a cemetery in Maruti Nagar, Raichur. The stolen bodies were allegedly delivered to medical college laboratories for training purposes. The arrested individuals include cemetery worker Veeresh Thalavara Anjaneya (28) along with Raju Narasappa (35) and Afsar Junimiya (32), who reportedly work at a medical college. The suspects received around ₹2,000 to ₹3,000 per body. Local residents grew suspicious after noticing disturbed soil and exposed skeletal remains around graves. Following formal complaints, police launched an investigation, apprehended the accused on Saturday, and are probing whether more individuals or institutions are involved in the racket.