dk-shivakumar-meta-glasses-sting-operation-vd-satheesan
  • ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെയോ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസിനെയോ പ്രമുഖ കേന്ദ്രമന്ത്രിയെയോ സന്ദര്‍ശിച്ചപ്പോള്‍ ഈ മെറ്റ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും ഡികെ

കര്‍ണാടക സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്റ്റിങ് ഓപ്പറേഷന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന വെളിപ്പെടുത്തലിന്  പിന്നാലെ തന്നെയും കേരള മുഖ്യമന്ത്രി വി.ഡി.സതീശനെയും കുടുക്കാന്‍ ഒരു വ്യവസായി എത്തിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. കന്നഡ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റിങ് ഓപ്പറേഷന്‍ വിവാദം ഡികെ വീണ്ടും സജീവമാക്കിയത്. മെറ്റ ഗ്ലാസ് ധരിച്ച് തന്നെ ഒരു വ്യവസായി കാണാനെത്തി. സംശയാസ്പദമായി തോന്നിയതോടെ സന്ദര്‍ശകന്‍റെ പശ്ചാത്തലം അന്വേഷിക്കാനും നിരീക്ഷിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും നിര്‍ദേശം നല്‍കിയെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

ഇങ്ങനെ എത്തിയ ആള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന ചോദ്യത്തിന് താന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമായിരുന്നു ഡികെയുടെ മറുപടി. 'നടപടിയെടുത്തില്ലെന്ന് ആര് പറഞ്ഞു? നിങ്ങളെ അറിയിച്ചില്ലെന്ന് മാത്രമേയുള്ളൂ. വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നില്ല' എന്നായിരുന്നു പ്രതികരണം.

ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഔദ്യോഗിക മാര്‍ഗങ്ങളിലൂടെയാണ് വ്യവസായി തന്‍റെ അപ്പോയിന്‍മെന്‍റ് എടുത്തതെന്നും കൂടിക്കാഴ്ചയില്‍ തുടക്കത്തില്‍ ബിസിനസ് സംരംഭത്തെ കുറിച്ച് തന്നെയാണ് സംസാരിച്ചതെന്നും ഡികെ പറയുന്നു. എന്നാല്‍ സംസാരം മെല്ലെ രാഷ്ട്രീയത്തിലേക്ക് കടന്നുവെന്നും ബൂത്ത് തലത്തില്‍ എങ്ങനെയാണ് നിലവില്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ എങ്ങനെ കാണുന്നുവെന്നുമെല്ലാം ചോദ്യം വഴിമാറിയെന്ന് കര്‍ണാടക മുഖ്യമന്ത്രി പറയുന്നു. സംസാരത്തിന്‍റെ ഗതി മാറുന്നതും സന്ദര്‍ശകന്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് ധരിച്ചിരിക്കുന്നതും കണ്ടപ്പോള്‍ തനിക്ക് സംശയമുണ്ടായെന്നും ഉടന്‍ തന്നെ വേണ്ട നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതേ വ്യവസായി കേരള മുഖ്യമന്ത്രി വി.ഡി.സതീശനെ കാണാനെത്തിയിരുന്നുവെന്നും മെറ്റ ഗ്ലാസ് ധരിച്ചാണ് എത്തിയതെന്നും എന്നാല്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡുവിനെയോ മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസിനെയോ പ്രമുഖ കേന്ദ്രമന്ത്രിയെയോ സന്ദര്‍ശിച്ചപ്പോള്‍ ഈ മെറ്റ ഗ്ലാസ് ധരിച്ചിരുന്നില്ലെന്നും ഡികെ ആരോപിക്കുന്നു.

അതേസമയം, ആരാണ്  ആ  വ്യവസായിയെന്ന് വെളിപ്പെടുത്താന്‍ കര്‍ണാടക മുഖ്യമന്ത്രി തയാറായില്ല. മന്ത്രിസഭയെ താന്‍ കുടുംബം പോലെയാണ് കാണുന്നതെന്നും ഇത്തരം ആളുകള്‍ പല രൂപത്തിലും എത്തുമെന്നും ചതിക്കുഴികളില്‍ വീഴരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും ഡികെ വ്യക്തമാക്കി. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇങ്ങനെയുള്ള സ്റ്റിങ് ഓപ്പറേഷന് ആരും ശ്രമച്ചിട്ടില്ലെന്നും എന്നാല്‍ ഇന്നത്തെ സാഹചര്യം അതല്ലെന്നുമായിരുന്നു മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം. 

ENGLISH SUMMARY:

Karnataka Chief Minister D.K. Shivakumar has alleged that a businessman wearing Meta smart glasses visited him and Kerala Chief Minister V.D. Satheesan in an apparent attempt to trap them through a sting operation. Speaking to a Kannada media outlet, Shivakumar said the visitor initially discussed business proposals before shifting the conversation to Congress's booth-level activities and the political situation, raising suspicions. He claimed that the same businessman wore Meta glasses while meeting him and Satheesan but not while meeting certain other political leaders.