Image: X
ലഖ്നൗവിൽ നിന്ന് സുൽത്താൻപൂരിലേക്കുള്ള യാത്രയ്ക്കിടെ ലോക്സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിയുമായ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. സുൽത്താൻപൂർ ജില്ലയിലെ ഹലിയാപൂർ അതിർത്തിയില്‍ പൂർവാഞ്ചൽ എക്സ്പ്രസ്വേയിലായിരുന്നു സംഭവം. അപകടത്തിൽ രാഹുൽ ഗാന്ധി സഞ്ചരിച്ചിരുന്ന വാഹനം സുരക്ഷിതമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
രാവിലെ 10.15-ഓടെയായിരുന്നു അപകടമുണ്ടായത്. രാഹുൽ ഗാന്ധിയുടെ കാറിന് തൊട്ടുപിന്നാലെ സഞ്ചരിച്ചിരുന്ന അഞ്ച് അകമ്പടി വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. സുരക്ഷ ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വാഹനവ്യൂഹത്തിന് മുന്നിലുണ്ടായിരുന്ന പ്രാദേശിക കോൺഗ്രസ് നേതാക്കളുടെ ഒരു സ്വകാര്യ വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് പിന്നാലെയെത്തിയ വാഹനങ്ങൾ പരസ്പരം ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വാഹനവ്യൂഹത്തിന്റെ ഭാഗമായ ആംബുലന്‍സും അപകടത്തില്‍പ്പെട്ടു.
അപകടത്തിന്റെ കൃത്യമായ കാരണം, വ്യാപ്തി, ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നതടക്കമുള്ള കൂടുതൽ കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. അപകടത്തിനുശേഷം വാഹനവ്യൂഹം ഉടൻതന്നെ സുൽത്താൻപൂരിലേക്കുള്ള യാത്ര പുനരാരംഭിച്ചതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഹലിയാപൂർ പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് തടസ്സപ്പെട്ട ഗതാഗതവും വൈകാതെ പുനഃസ്ഥാപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
തനിക്കെതിരെയുള്ള മാനനഷ്ടക്കേസിന്റെ കോടതി നടപടികൾക്കായി ലഖ്നൗവിൽ നിന്ന് സുൽത്താൻപൂരിലേക്കുള്ള യാത്രയിലായിരുന്നു രാഹുല്‍.