ടൈഗർ ഷ്രോഫിന് നേരെയുള്ള വെടിവയ്പ്പ് കേസിലെ പ്രതികൾക്ക് മുംബൈയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയത് ഗുണ്ടാതലവൻ അനിൽ പണ്ഡിറ്റ് എന്ന് സൂചന. പൊലീസ് നീക്കങ്ങൾ അക്രമികൾ നിരീക്ഷിച്ചത് ടെലിവിഷൻ വാർത്തകളിലൂടെ. പ്രതികള്‍ കുടുക്കിയത് സൂറത്തിലേക്കുള്ള യാത്രക്കിടയിൽ നടത്തിയ ഫോൺ കോളിലാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ടൈഗർ ഷ്രോഫിന്‍റെ കാറിന് നേരെ നടന്ന വെടിവയ്പ്പിന് ശേഷം രക്ഷപ്പെട്ട അക്രമികൾ ടെലിവിഷൻ ചാനൽ വാർത്തകൾ നിരീക്ഷിച്ചാണ് പൊലീസ് അന്വേഷണത്തിന്‍റെ വിവരങ്ങൾ അപ്പപ്പോൾ മനസ്സിലാക്കിയിരുന്നത് എന്നാണ് വിവരം. നിങ്ങളുടെ മുഖങ്ങൾ പുറത്തുവന്നിട്ടുണ്ട്, അവിടെനിന്ന് രക്ഷപ്പെടുക എന്ന സന്ദേശം പ്രതികൾക്ക് ലഭിച്ചതായും, ഇത് അയച്ചത് ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന അനിൽ പണ്ഡിറ്റാണെന്നുമാണ് പോലീസ് സംശയിക്കുന്നത്.
ഇക്കാര്യത്തിൽ സോനിപ്പത്തിൽ അറസ്റ്റിലായ അങ്കിത് ഖട്ടക്, സമീർ ഖത്രി എന്നിവരുടെ പങ്കും പോലീസ് പരിശോധിക്കുന്നുണ്ട്. ആശയവിനിമയത്തിനായി ഇന്‍റർനെറ്റ് കോളുകൾ മാത്രമാണ് പ്രതികൾ ഉപയോഗിച്ചത് എന്നതും അന്വേഷണ സംഘത്തെ വെട്ടിലാക്കി. ബോറിവലിയിൽ നിന്ന് സൂറത്തിലേക്ക് പോയ ക്യാബ് ഡ്രൈവറെ വിളിക്കാൻ ചെയ്ത ഒരേയൊരു സാധാരണ ഫോൺ കോളാണ് അന്വേഷണ സംഘത്തിന് തുണയായത്. കേസിൽ ഇതുവരെ പത്ത് പേരാണ് അറസ്റ്റിലായത്. അതേസമയം, ടൈഗർ ഷ്രോഫിന്‍റെ മൊഴി രേഖപ്പെടുത്തുന്നത് വൈകുകയാണ്. നടന്‍റെ അസൗകര്യമാണ് കാരണമെന്നും ആക്രമണത്തിന് ശേഷം നടൻ കടുത്ത മാനസിക അസ്വസ്ഥതയിലാണെന്നുമാണ് മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.