• 135 കോടി രൂപ നല്‍കിയ ടൈഗര്‍ അസോസിയേറ്റ്‌സാണ് അണ്ണാ ഡിഎംകെയ്ക്ക് സംഭാവന നല്‍കിയവരില്‍ ഒന്നാമന്‍. ഡിഎംകെയ്ക്കാവട്ടെ 191.19 കോടി രൂപയും സംഭാവന ഇനത്തില്‍ ലഭിച്ചു. 125 കോടി രൂപയാണ് ടൈഗര്‍ അസോസിയേറ്റ്‌സ് ഡിഎംകെയ്ക്ക് നല്‍കിയത്

2025-26 സാമ്പത്തിക വര്‍ഷം ടിവികെയ്ക്ക് സംഭാവനയായി ലഭിച്ചത് 13.3 കോടി രൂപയെന്ന് കണക്കുകള്‍. നാല് പേരാണ് സ്വമേധയാ വിജയ് യുടെ പാര്‍ട്ടിക്ക് സംഭാവന ചെയ്തത്. ഇതില്‍ 99 ശതമാനം പണവും നല്‍കിയത് നിലവില്‍ മന്ത്രിമാരായ ആദവ് അര്‍ജുനയും ആര്‍.വി.രഞ്ജിത്കുമാറുമാണെന്നാണ് കണക്കുകള്‍. തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലാണ് ടിവികെ കണക്കുകള്‍ സമര്‍പ്പിച്ചത്. ആകെ ലഭിച്ച 13.3 കോടിയില്‍ കായിക- പൊതുമരാമത്ത് മന്ത്രിയായ ആദവ് അര്‍ജുന 8.2 കോടി രൂപയും രഞ്ജിത്കുമാര്‍ 5 കോടി രൂപയും സംഭാവന നല്‍കിയെന്നാണ് രേഖയിലുള്ളത്. അതായത് ആദവ് അര്‍ജുനയുടെ സംഭാവന മാത്രം ആകെ ലഭിച്ചതിന്റെ 60 ശതമാനം വരും. 

തൂത്തുക്കുടിയിലെ സ്‌നോ ഷോ എന്ന സ്ഥാപനം അഞ്ച് ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കിയെന്നും ഇതേ വിലാസത്തിലുള്ള സ്‌നോ എക്‌സ്‌പോര്‍ട്‌സ് ആന്റ് ഇംപോര്‍ട്‌സ് അഞ്ചുലക്ഷം രൂപ നല്‍കിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച രേഖയില്‍ പറയുന്നു. 

അതേസമയം, അണ്ണാ ഡിഎംകെയ്ക്ക് 2025-26 സാമ്പത്തിക വര്‍ഷം സ്വമേധയാ ഉള്ള സംഭാവനയായി 161.35 കോടി രൂപയാണ് ലഭിച്ചത്. 135 കോടി രൂപ നല്‍കിയ ടൈഗര്‍ അസോസിയേറ്റ്‌സാണ് അണ്ണാ ഡിഎംകെയ്ക്ക് സംഭാവന നല്‍കിയവരില്‍ ഒന്നാമന്‍. ഡിഎംകെയ്ക്കാവട്ടെ 191.19 കോടി രൂപയും സംഭാവന ഇനത്തില്‍ ലഭിച്ചു. 125 കോടി രൂപയാണ് ടൈഗര്‍ അസോസിയേറ്റ്‌സ് ഡിഎംകെയ്ക്ക് നല്‍കിയത്. കൊല്‍ക്കത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോട്ടറി കമ്പനിയായ ടൈഗര്‍ അസോസിയേറ്റ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധമുള്ള സ്ഥാപനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുബ്ബയ്യന്‍ നാഗരാജനാണ് കമ്പനി രേഖകള്‍ പ്രകാരം സ്ഥാപനത്തിന്റെ പാര്‍ട്‌നര്‍.

അതേസമയം, തമിഴ് മാനില കോണ്‍ഗ്രസ് (മൂപ്പനാര്‍) 2025-26 സാമ്പത്തിക വര്‍ഷം തങ്ങള്‍ക്ക് സംഭാവന ഒന്നും ലഭിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ ബോധിപ്പിച്ചിരിക്കുന്നത്. പുതിയ തമിഴകം പാര്‍ട്ടിക്ക് 18.93 ലക്ഷമാണ് സംഭാവനയിനത്തില്‍ ലഭിച്ചത്. ഇതില്‍ 5.90 ലക്ഷം രൂപയും പ്രസിഡന്റ് കെ.കൃഷ്ണസ്വാമിയുടേതാണ്. വൈകോയുടെ പാര്‍ട്ടിക്ക് 1.74 കോടി രൂപ സംഭാവനയായി ലഭിച്ചുവെന്നും കണക്കുകളിലുണ്ട്. 

ENGLISH SUMMARY:

Tamilaga Vettri Kazhagam (TVK), led by actor-turned-politician Vijay, received ₹13.3 crore in voluntary contributions during the financial year 2025–26, with ministers Aadhav Arjuna and R.V. Ranjith Kumar contributing ₹8.2 crore and ₹5 crore, respectively. According to the figures submitted to the Election Commission, their combined contributions accounted for approximately 99% of the party’s total donations. Meanwhile, the AIADMK received ₹161.35 crore, including ₹135 crore from Tiger Associates, while the DMK received ₹191.19 crore, of which ₹125 crore came from the same company. The report also highlights donations received by smaller Tamil Nadu parties, including Puthiya Tamilagam and Vaiko’s party, while the Tamil Maanila Congress (Moopanar) reported no contributions for the financial year